മന്ത്രി മാത്യു ടി തോമസ് പുറത്തേക്ക്; കൃഷ്ണന്‍കുട്ടി പുതിയ മന്ത്രി

Jaihind Webdesk
Friday, November 23, 2018

മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ ജനതാദള്‍ എസില്‍ തീരുമാനം. എം.എല്‍.എമാരായ സി.കെ നാണു, കെ കൃഷ്ണൻകുട്ടി എന്നിവരുമായി പാര്‍ട്ടി പ്രസിഡന്‍റ് ദേവഗൗഡ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. മന്ത്രിയെ മാറ്റിക്കൊണ്ടുള്ള ദേവഗൗഡയുടെ കത്ത് പാർലമെന്‍ററി പാർട്ടി നേതാവ് സി.കെ നാണു എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും. പകരം പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റും ചിറ്റൂര്‍ എം.എല്‍.എയുമായി കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിയായി നിയമിക്കണമെന്നും ശുപാർശ ചെയ്യുന്നതാണ് കത്ത്.

മന്ത്രിയെ മാറ്റാൻ നേരത്തെ ജെ.ഡി.എസ് സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായിരുന്നു. ഇത് കേന്ദ്രനേതൃത്വം അംഗീകരിച്ചതോടെയാണ് മാത്യു ടി തോമസ് പുറത്തേക്ക് പോകുന്നത്. രണ്ടര വർഷം മാത്യു ടി തോമസും പിന്നീട് കെ കൃഷ്ണന്‍കുട്ടിയും മന്ത്രിയാകണമെന്ന തരത്തിലായിരുന്നു നേരത്തെ ജനതാദളളില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍ അത്തരത്തില്‍ ധാരണ ഇല്ലെന്നായിരുന്നു മാത്യു ടി തോമസിന്‍റെ വാദം. മന്ത്രിതര്‍ക്കം ജനതാദളില്‍ വന്‍ കലാപത്തിനായിരുന്നു വഴിയൊരുക്കിയിരുന്നു.

ദേശീയ പ്രസിഡന്‍റ് ദേവഗൌഡയുടെ തീരുമാനത്തെ മാത്യു ടി തോമസ് ഇപ്പോഴും അംഗീകരിച്ചിട്ടില്ലെങ്കിലും മാത്യു ടി തോമസിന്‍റെ പുറത്തേക്കുള്ള വഴി എളുപ്പമാക്കിയിരിക്കുകയാണ്. മാത്യു ടി തോമസിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും താല്‍പര്യമില്ലെങ്കിലും മുന്നണിയിലെ അതത് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കുക എന്ന പൊതുതത്വമാണ് ഈ കാര്യത്തില്‍ ഇടതുമുന്നണി പിന്തുടരുന്നത്. അതുകൊണ്ടുതന്നെ പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് കെ കൃഷ്ണന്‍കുട്ടി ചുമതലയേല്‍ക്കും.