അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ടക്കെതിരെ സി.പി.എമ്മിനുള്ളിലും പ്രതിഷേധം. മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് രണ്ട് പ്രവർത്തകർ രാജിവെച്ചു. യുവ നേതാക്കളായ സി.ജെ അമല്‍ദേവ്, യാസിന്‍ എസ് എന്നിവരാണ് രാജി വെച്ച് പ്രതിഷേധം അറിയിച്ചത്. ഡി.വൈ.എഫ്.ഐ അഗളി മേഖലാ സെക്രട്ടറിയാണ് സി.ജെ അമല്‍ദേവ്. കൊല്ലം എസ്.എഫ്.ഐ ജില്ലാ കമ്മറ്റി അംഗമാണ് രാജിവെച്ച യാസിന്‍.
“ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം സംഘടനകളില്‍ നിന്ന് സംഘടനകളില്‍ നിന്ന് ഞാന്‍ രാജി വെക്കുന്നതായി അറിയിക്കുന്നു. കാരണം : അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് കൊണ്ട് തന്നെ. എനിക്ക് ഇനിയും രക്തസാക്ഷിദിനം ആചരിക്കണം ” – അമല്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.
“സി.പി.ഐ.എമ്മിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെക്കുകയാണ്. ഈ രക്തത്തില്‍ പങ്ക് ചേരാന്‍ കഴിയില്ല. വര്‍ഗബോധം എന്നൊന്നുണ്ട്. കൊലചെയ്യപ്പെട്ടത് സഖാക്കളാണ്. നമ്മുടെ ചോരയാണ്. കൂടുതലൊന്നും പറയാനില്ല” – യാസിന്‍ ഫേസ്ബുക്കില്‍ കുറിച്ചതാണിത്.
അട്ടപ്പാടി വിഷയം ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചിരുന്നു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു. ഇതേക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേ സമയം മാവോയിസ്റ്റുകളെ വെടിവച്ച് കൊന്ന തണ്ടർബോൾട്ടിന്‍റെ നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തി.