സ്പ്രിങ്ക്ളറില്‍ ബി.ജെ.പിക്കുള്ളില്‍ പോര് മുറുകുന്നു; സുരേന്ദ്രനെതിരെ എം.ടി രമേശ്

Jaihind News Bureau
Thursday, April 23, 2020

വിവാദ സ്പ്രിങ്ക്ളര്‍ ഇടപാടില്‍ ബി.ജെ.പിക്കുള്ളിലെ ഭിന്നത പരസ്യ പോരിലേക്ക്. വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ നിലപാട് തള്ളി ജനറല്‍ സെക്രട്ടറി എം.ടി രമേശ് പരസ്യമായി രംഗത്തെത്തി. വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് എം.ടി രമേശ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ അതിപ്രധാനമായ ഒരു വിഷയത്തില്‍ വിജിലന്‍സ് അന്വേഷണമെന്ന മുഖ്യമന്ത്രിയെ പ്രീണിപ്പിക്കുന്ന നിലപാടാണ് കെ സുരേന്ദ്രന്‍ സ്വീകരിച്ചത്.

അന്താരാഷ്ട്ര തലത്തിലുള്ള കേസില്‍ വിജിലന്‍സ് അന്വേഷണമെന്ന പ്രീണന നയമാണ് കെ സുരേന്ദ്രന്‍ സ്വീകരിച്ചത്. സുരേന്ദ്രന്‍റെ നിലപാടിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കരാറില്‍ മുഖ്യമന്ത്രി തന്നെ നേതൃത്വം നല്‍കുന്ന വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട സുരേന്ദ്രന്‍റെ നിലപാടിലെ ആത്മാര്‍ത്ഥതയാണ് ചോദ്യംചെയ്യപ്പെട്ടത്. ഇപ്പോള്‍ ജനറല്‍ സെക്രട്ടറി എം.ടി രമേശ് വിഷയത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ ബി.ജെ.പിയിലെ ഭിന്നത പരസ്യമായിരിക്കുകയാണ്.

വിഷയത്തില്‍ പ്രതിപക്ഷം സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചപ്പോഴും ബി.ജെ.പി നേതൃത്വം മൌനത്തിലായിരുന്നു. കേന്ദ്ര സർക്കാരിന്‍റെ അനുമതി പോലും തേടാത്ത കരാര്‍ ആയിരുന്നിട്ടുപോലും ഇക്കാര്യത്തില്‍ ബി.ജെ.പി നേതൃത്വം സംസ്ഥാന സർക്കാരിനെതിരെ പ്രതികരിക്കാന്‍ തയാറായില്ല.വിഷയം പൊതുസമൂഹവും മാധ്യമങ്ങളും സജീവ ചര്‍ച്ചയാക്കിയതോടെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരണവുമായി എത്തിയത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത് സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും സംരക്ഷിക്കാനാണെന്ന അഭിപ്രായം പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗം ഉയർത്തി. സമൂഹമാധ്യമങ്ങളിലും ബി.ജെ.പി പ്രവര്‍ത്തകര്‍ സുരേന്ദ്രനെതിരെ ശക്തമായി പ്രതിഷേധിച്ചു.

വിഷയത്തില്‍ വിജിലന്‍സ് അന്വേഷണത്തിന്‍റെ പ്രസക്തിയാണ് ബി.ജെ.പി അണികള്‍ ചോദ്യം ചെയ്തത്. സ്പ്രിങ്ക്ളര്‍ എന്ന അമേരിക്കന്‍ കമ്പനിയുമായാണ് സംസ്ഥാന സർക്കാർ കരാറില്‍ ഏർപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച ഡാറ്റാബേസ് സ്പ്രിങ്ക്ളർക്ക് കൈകാര്യം ചെയ്യാനുള്ള അവസരമാണ് കരാറിലൂടെ ഒരുക്കിയത്. സ്വകാര്യത സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിയുടെ അനുമതിയില്ലാതെ കൈമാറ്റം ചെയ്യപ്പെടുകയാണുണ്ടാവുന്നത്. മാത്രമല്ല, ഇതുസംബന്ധിച്ച കേസുകള്‍ ഉണ്ടായാല്‍ അമേരിക്കയിലാവും നടപടികള്‍ സ്വീകരിക്കേണ്ടിവരിക. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്‍ വിഷയത്തില്‍ വിജിലന്‍സ് പോലെ സംസ്ഥാന ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ടത് എന്നതാണ് സംശയാസ്പദമാകുന്നത്.ഇക്കാര്യത്തില്‍ വിജിലന്‍സിന് പരിമിതമായി മാത്രമേ ഇടപെടാന്‍ കഴിയൂ. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള വിജിലന്‍സ് അന്വേഷണം പ്രഹസനമാകുമെന്നും ഉറപ്പാണ്. ഇതോടെയാണ് സുരേന്ദ്രന്‍റെ നീക്കത്തിലെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടത്. ഇതേ വിഷയമാണ് ഇപ്പോള്‍ എം.ടി രമേശും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉയര്‍ത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയും ബി.ജെ.പിയിലെ സുരേന്ദ്രന്‍ വിഭാഗവും തമ്മിലുള്ള രഹസ്യബാന്ധവം വ്യക്തമാക്കുന്ന ഉദാഹരണങ്ങള്‍ നിരവധിയാണ്. ശബരിമലയിലെ നിലപാട് മുതല്‍ അടുത്തിടെ സുരേന്ദ്രന്‍ ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയില്‍ വരെ ഇത് പ്രതിഫലിക്കുന്നു. സുരേന്ദ്രനെ അനുകൂലിച്ചായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. സ്പ്രിങ്ക്ളർ ഇടപാടില്‍ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയ പ്രതിപക്ഷത്തിനെ അടച്ചാക്ഷേപിക്കാനാണ് സുരേന്ദ്രന്‍ ശ്രമിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറി എം.ടി രമേശ് സുരേന്ദ്രനെ തള്ളി പരസ്യമായി രംഗത്തെത്തിയതോടെ സ്പ്രിങ്ക്ളർ ഇടപാട് ബി.ജെ.പിക്കുള്ളിലും കലഹം രൂക്ഷമാക്കുകയാണ്.

എം.ടി രമേശിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

‘സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ സിബിഐ അന്വേഷണമല്ലാതെ മറ്റെന്താണ് അഭികാമ്യം?
രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോള്‍ സംസ്ഥാനം രോഗക്കിടക്കിയാലായിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപ്പറേഷന്‍ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂ…’