ജടായുപ്പാറ പദ്ധതിയില്‍ നിക്ഷേപം നടത്തി തട്ടിപ്പിന് ഇരയായ പ്രവാസികള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതി; ഇതാണോ നിക്ഷേപ സൗഹൃദ കേരളം? മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് നിക്ഷേപകര്‍

JAIHIND TV DUBAI BUREAU
Saturday, December 3, 2022

ദുബായ്: കൊല്ലം ചടയമംഗലം ജടായുപ്പാറ ടൂറിസം പദ്ധതിയില്‍ നിക്ഷേപം നടത്തി തട്ടിപ്പിന് ഇരയായ പ്രവാസികള്‍ക്ക് ഇപ്പോഴും നീതി ലഭിച്ചില്ലെന്ന് പരാതി. പണം മുടക്കി വഞ്ചിതരായ പ്രവാസികള്‍ക്ക് അനുകൂലമായി കോടതി വിധി വരെ വന്നിട്ടും തുടര്‍നടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രവാസികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേരള ടൂറിസത്തിന്‍റെ ആദ്യത്തെ ബിഒടി അഥവാ ബില്‍ഡ് ഓപ്പറേറ്റ് ട്രാന്‍സ്ഫര്‍ എന്ന നിര്‍മ്മാണ രീതിയിലുളള ടൂറിസം പദ്ധതിയാണ് ജടായുപ്പാറ ടൂറിസം പദ്ധതി. ഇപ്രകാരം പദ്ധതിക്കായി ശില്‍പിയും കരാറുകാരനുമായ രാജീവ് അഞ്ചല്‍, പ്രവാസികളില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയിട്ടും നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് പ്രവാസി നിക്ഷേപകരുടെ കൂട്ടായ്മയായ ജടായുപ്പാറ ടൂറിസം ഇന്‍വെസ്റ്റേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ അസോസിയേഷനായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ സഹായത്തോടെയാണ് ഇവര്‍ മാധ്യമങ്ങളെ സമീപിച്ചത്. സാധാരണക്കാരായ നിരവധി പ്രവാസികളും ഇത്തരത്തില്‍ പണം നിക്ഷേപിച്ചിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന നാല് പെണ്‍മക്കളുടെ പിതാവായ 68 കാരന്‍ അന്‍സാരി കുളമുട്ടം നീതി നേടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.

 

 

പണം നിക്ഷേപിച്ചവരെ ഏകപക്ഷീയമായും നിയമവിരുദ്ധമായും പദ്ധതിയില്‍ നിന്ന് പുറത്താക്കിയെന്നും ഇവര്‍ പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നിക്ഷേപര്‍ക്ക് അനുകൂലമായി ലഭിച്ച കോടതി വിധികളുടെ രേഖകളും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. അഴിമതി അന്വേഷിക്കാന്‍ കോടതി നിയമിച്ച കമ്മീഷന്‍റെ വിശദമായ റിപ്പോര്‍ട്ടും ഇവര്‍ ഹാജരാക്കി. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറയുമ്പോഴും പണം മുടക്കിയ നൂറ്റിയമ്പതോളം പ്രവാസി നിക്ഷേപര്‍ക്ക് ഇതാണ് അവസ്ഥയെന്നും നിക്ഷേപകരുടെ കൂട്ടായ്മ ചൂണ്ടിക്കാട്ടി. ബാബു വര്‍ഗീസ്, രണ്‍ജി കെ ചെറിയാന്‍, അന്‍സാരി കുളമുട്ടം, ദീപു, പ്രവിത്, ഷിജി മാത്യു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.