മൃതദേഹം മാറി നല്‍കി; കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിക്കെതിരെ പരാതി

Jaihind Webdesk
Thursday, November 9, 2023

 

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹങ്ങൾ മാറി നൽകിയതായി പരാതി. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിക്കെതിരായാണ് പരാതി. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹം മറ്റൊരു കുടുംബത്തിന് മാറി നൽകിയെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി സ്വദേശിനി ശോശാമ്മ (86) യുടെ മൃതദേഹമാണ് ആശുപത്രിയില്‍നിന്ന് മാറി നല്‍കിയത്. ഇതിന് പിന്നാലെ ശോശാമ്മയുടെ ബന്ധുക്കൾ പ്രതിഷേധവുമായി ആശുപത്രിയിൽ എത്തി. ഇന്ന് രാവിലെ ആശുപത്രിയിലെത്തി ശോശാമ്മയുടെ മൃതദേഹം കൊണ്ടുപോകാനൊരുങ്ങുന്നതിനിടെയാണ് ലഭിച്ചത് മറ്റൊരാളുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ക്ക് മനസിലായത്. ബന്ധുക്കളുടെ ചോദ്യത്തിന് മൃതദേഹം മാറി നൽകിയെന്നും ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചു എന്നും ആയിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.

രണ്ടുദിവസം മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് മേരി ക്വീൻസ് ആശുപത്രിയിൽ വെച്ച് ശോശാമ്മ മരണമടഞ്ഞത്. ആശുപത്രിയിൽ തന്നെ മോർച്ചറി സൗകര്യം ഉള്ളതിനാൽ മൃതദേഹം ഇവിടെത്തന്നെ സൂക്ഷിക്കാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു ശോശാമ്മയുടെ സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. ഇതനുസരിച്ചാണ് ബന്ധുക്കൾ ഇന്ന് രാവിലെ ഇവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മോർച്ചറിയിൽ എത്തിയത്. എന്നാല്‍ ചിറക്കടവ് സ്വദേശിയായ കമലാക്ഷിയമ്മയുടെ മൃതദേഹമാണ് ശോശാമ്മയുടെ ബന്ധുക്കൾക്ക് ലഭിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് എന്ന് മനസിലായതോടെ ശോശാമ്മയുടെ ബന്ധുക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധിച്ചു.

മൃതദേഹം മാറി നല്‍കിയ ഗുരുതര വീഴ്ച എങ്ങനെയാണ് സംഭവിച്ചതെന്ന് വ്യക്തമല്ല. ശോശാമ്മയുടെ ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് സംഭവസ്ഥലത്ത് പോലീസും എത്തി. ഒടുവിൽ വിഷയം ചർച്ച ചെയ്തു പരിഹരിക്കുകയായിരുന്നു. സംസ്കരിച്ച ശോശാമ്മയുടെ ചിതാഭസ്മം ഇവരുടെ ബന്ധുക്കൾക്ക് വിട്ടു നൽകാനും കമലാക്ഷിയമ്മയുടെ ബന്ധുക്കൾക്ക് ഇവരുടെ മൃതദേഹം വിട്ടുനൽകാനും തീരുമാനിച്ചു. മൃതദേഹം ഏറ്റുവാങ്ങിയപ്പോൾ കമലാക്ഷിയമ്മയുടെ ബന്ധുക്കൾ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നു എന്ന് ശോശാമ്മയുടെ ബന്ധുക്കൾ പറഞ്ഞു.