കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി ബസും ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റ് നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകള്‍ : 9497 996977, 9497 990090, 9497 962891.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. അപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് ഡി.ജി.പിയും കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി. അപകടവിവരം അറിഞ്ഞയുടന്‍തന്നെ ഡി.ജി.പി ലോക്നാഥ് ബെഹ്റ തമിഴ്നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ഫോണില്‍ സംസാരിച്ച് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.
ബംഗളുരുവിൽ നിന്ന് ഇന്നലെ രാത്രി 8 മണിക്ക് തിരിച്ച കെ.എസ്.ആർ.ടി.സിയുടെ ആർ.എസ് 784 നമ്പർ ബംഗളുരു-എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ 20 പേര്‍ മരിച്ചു. 25 ലേറെ പേര്‍ക്ക് പരിക്കേറ്റു. 48 പേരാണ് ബസിലുണ്ടായിരുന്നത്. വെളുപ്പിനെ 3.15 നാണ് അപകടമുണ്ടായത്. രാവിലെ 7 മണിക്ക് എറണാകുളത്ത് എത്തേണ്ടതായിരുന്നു. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസിന് നേരെ ഇടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്.