റണ്‍വേയില്‍ വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു

റൺവെയിൽ വെള്ളം കയറിയതിനെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടു. ശക്തമായ മഴയെ തുടര്‍ന്ന് വിമാനത്താവളത്തിന്‍റെ ഭൂരിഭാഗവും പ്രദേശങ്ങളിലും വെള്ളം കയറി. റണ്‍വേയില്‍ വെള്ളംകയറിയതിനെ തുടർന്ന് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ട് മൂന്ന് മണി വരെ നിര്‍ത്തിവെച്ചു.

വെള്ളം പമ്പ് ചെയ്ത് പുറത്തേക്കൊഴുക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. ശക്തമായ മഴയില്‍ വെള്ളം കയറിത്തുടങ്ങിയതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. റണ്‍വേയിലെ വെള്ളം നീക്കിയതിന് ശേഷം ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ പ്രവര്‍ത്തനം പുനരാരംഭിക്കാമെന്നാണ് കരുതിയതെങ്കിലും റണ്‍വേയിലെ വെള്ളം നീക്കാന്‍ കഴിയാതെ വന്നതോടെയാണ് ഞായറാഴ്ച വരെ വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.

File Image

റണ്‍വേ, ടെർമിനൽ മൂന്നിലെ ചരക്ക് കയറ്റുന്ന ഭാഗം, ഫയർ സ്റ്റേഷൻ, ടാക്സി വേ തുടങ്ങിയ ഭാഗങ്ങളില്ലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വിമാനത്താവളത്തിലുള്ളില്‍ 7 വിമാനങ്ങളാണുള്ളത്. വാഹനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.  അതിനിടെ വിമാനത്താവളത്തിന്‍റെ മതിലിന്‍റെ ഒരു ഭാഗം പൊളിയുകയും ചെയ്തിട്ടുണ്ട്. മഴ ശക്തമായി തുടരുകയും റണ്‍വേയില്‍ വെള്ളം ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം ഞായറാഴ്ച വൈകിട്ട് മൂന്ന് മണി വരെ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്.

Rainnedumbassery airport
Comments (0)
Add Comment