സര്‍ക്കാരിന്‍റെ ആഴക്കടല്‍ കൊള്ള ; തീരദേശ ഹര്‍ത്താല്‍ പുരോഗമിക്കുന്നു

Jaihind News Bureau
Saturday, February 27, 2021

തിരുവനന്തപുരം : സര്‍ക്കാരിന്‍റെ ആഴക്കടല്‍ കൊള്ളയ്‌ക്കെതിരെ മത്സ്യമേഖല സംരക്ഷണ സമിതി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ പുരോഗമിക്കുന്നു. 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.  തീരദേശത്തെ ഫിഷ്‌ലാന്‍ഡിങ് സെന്ററുകളും ഹാര്‍ബറുകളും അടച്ചിട്ടും ബോട്ടുകള്‍ കടലില്‍ ഇറക്കാതെയുമാണ് തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കരാര്‍ റദ്ദാക്കിയതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിടാത്തതിലും സ്വകാര്യ കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കാത്തതിലും പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള അവകാശം നഷ്ടമായെന്ന് സമിതി അറിയിച്ചു. ഹര്‍ത്താല്‍ വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ സാമൂഹിക സംഘടനകളോട് കൃതജ്ഞതയുണ്ടെന്നും രക്ഷാധികാരികളായ ടി.എന്‍ പ്രതാപന്‍ എം.പി, ചെയര്‍മാന്‍ ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍മാരായ അഡ്വ. കെ.കെ രാധാകൃഷ്ണന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ട്രഷറര്‍ നൗഷാദ് തോപ്പുംപടി എന്നിവര്‍ അറിയിച്ചു.