തീരദേശ പരിപാലന നിയമത്തിൽ ഇളവ് :നാലര വർഷത്തെ പോരാട്ടത്തിന്റെ ഫലമെന്ന് കെ സി വേണുഗോപാൽ എം പി

webdesk
Friday, December 28, 2018

KC-Venugopal

കേന്ദ്രസർക്കാർ തീരദേശ പരിപാലന നിയമത്തിൽ ഇളവ് വരുത്തിയത് നാലര വർഷത്തെ അശ്രാന്ത പരിശ്രമങ്ങളെ തുടർന്നെന്ന് കെ സി വേണുഗോപാൽ എം പി. വകുപ്പ് മന്ത്രിയായിരുന്ന അനിൽ മാധവ് ദാവെ, ഇപ്പോഴത്തെ മന്ത്രി ഡോ.ഹർഷവർധൻ എന്നിവരെ നിരവധി തവണ നേരിട്ടുകണ്ടും വിഷയം പലതവണ പാർലമെൻറിൽ ഉന്നയിച്ചും  നിരവധി പരിശ്രമങ്ങളാണ് നിയമഭേദഗതിക്കായി നടത്തികൊണ്ടിരുന്നത്.

തീരദേശ മണ്ഡലമായ ആലപ്പുഴയുടെ പ്രതിനിധി എന്നനിലയിലും സംസ്ഥാനം മുഴുവൻ തീരപ്രദേശമുള്ള കേരളത്തിന്റെ പ്രതിനിധി എന്ന നിലയിലുമായിരുന്നു വിഷയമേറ്റെടുത്തത്‌. തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികൾക്ക് വീടു നിർമ്മിക്കുന്നതിനും അനുബന്ധ അറ്റകുറ്റപ്പണികൾ നടത്തുന്നതിനും തടസം നിൽക്കുന്നതുമായിബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ  പാർലമെന്റിന്റെ വിവിധ സമ്മേളനത്തിൽ ചോദ്യങ്ങളായും, ശൂന്യവേളയിലും, ചട്ടം 377 അനുസരിച്ചും ചർച്ചകളിലും ഉൾപ്പെടെ   നിരവധി തവണ ഉന്നയിച്ചുവരികയായിരുന്നു.

തീരദേശ പരിപാലന നിയമം വീടു നിർമാണത്തിനും മറ്റും സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ കേന്ദ്ര സർക്കാർ ഗൗരവതരമായി കാണുന്നുവെന്ന് സർക്കാർ  ലോകസഭയിൽ വ്യക്തമാക്കിയെങ്കിലും തീരുമാനം വൈകി. ഭവന നിർമാണം നടത്തുന്നതിനും, അനുബന്ധ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും സാധ്യമാകുന്ന രൂപത്തിൽ തീരദേശ പരിപാലന നിയമത്തിൽ ഇപ്പോൾ  ഭേദഗതി വരുത്തിയിട്ടുണ്ട്. 2011ലെ സെന്‍സസ് പ്രകാരം ഒരു ചതുരശ്ര കിലോ മീറ്ററില്‍ 2161ലധികം പേര്‍ താമസിക്കുന്ന CRZ IIIAയില്‍ കടലില്‍ നിന്ന് 50 മീറ്റര്‍ പരിധിയില്‍ നിര്‍മ്മാണം ആകാം. നേരത്തെയുണ്ടായിരുന്ന വിജ്ഞാപന പ്രകാരം ഇത്  200 മീറ്റര്‍ ദൂരപരിധിയായായിരുന്നു. മൽസ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ജനവാസമേഖലകളിലടക്കം  ദൂരപരിധി   50 മീറ്ററാക്കി ചുരുക്കിയത് ഗുണം ചെയ്യും. ടൂറിസം മേഖലക്ക് വലിയതോതിൽ  ഗുണകരമായ തീരുമാനങ്ങളില്ലെങ്കിലും അൻപതുമീറ്ററിനുള്ളിൽ ടോയ്‌ലെറ്റുകളും കുടിവെള്ളസൗകര്യങ്ങളും വസ്ത്രംമാറുന്നതിനുള്ള സൗകര്യങ്ങളും ഭേദഗതി അനുവദിക്കുന്നുണ്ടെന്നത് ആശ്വാസം പകരും. എന്നാൽ കടലോര പ്രദേശങ്ങളിലുള്ള ജനവിഭാഗങ്ങൾക്ക് കേന്ദ്രസർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും വിദ്യാർത്ഥികൾക്കും ചെറുകിട കച്ചവടക്കാർക്കും ഉൾപ്പെടെ  ബാങ്ക് വായ്പകൾ ലഭിക്കുന്നതിനും ഉണ്ടായിരുന്ന തടസ്സങ്ങൾ നീക്കുന്നത് സംബന്ധിച്ചു ഭേദഗതിയിൽ

വ്യക്തതയില്ല. എല്ലാ ആശങ്കകളും പരിഹരിച്ചല്ല ഭേദഗതിയെന്നതിനാൽ മറ്റുള്ള പ്രതികൂല വ്യവസ്ഥകളിൽ വ്യക്തതയും ഭേദഗതിയും ആവശ്യപ്പെട്ടു പാർലമെന്റിലും പുറത്തും  ശ്രമങ്ങൾ തുടരുമെന്നും വേണുഗോപാൽ പറഞ്ഞു