ജനവികാരം ഭയന്ന് കണ്ടംവഴി ഓടി മുഖ്യന്‍; ശരത് ലാലിന്‍റേയും, കൃപേഷിന്‍റേയും വീട് സന്ദര്‍ശിക്കില്ല

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരുണമായ കൊലപാതകത്തില്‍ ജനവികാരം കൊലയാളി പാര്‍ട്ടിക്ക് നേരെ തിരിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നതിന്‍റെ ഭാഗമായി ഹൃദയം തകര്‍ന്നിരിക്കുന്ന കുടുംബത്തെ സന്ദര്‍ശിക്കുക എന്ന പ്രഹസനത്തില്‍ നിന്നും മുഖ്യമന്ത്രിയും സംഘവും പിന്മാറി. പാര്‍ട്ടിയുടെ പൊറാട്ട് നാടകം നാട്ടുകാര്‍ കണ്ട് നില്‍ക്കില്ലെന്നും പെരിയയിലേയ്ക്ക് പോകുന്നത് സുരക്ഷിതമായിരിക്കില്ലെന്നും ഉള്ള പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്‍റെയും പൊലീസിന്‍റെയും മുന്നറിയിപ്പ് ലഭിച്ചതോടെയാണ് പിന്മാറ്റം.

വിവിധ ഔദ്യോഗിക പരിപാടികള്‍ക്കായി കാസര്‍കോട് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ദാരുണമായി കൊലചെയ്യപ്പെട്ട വീട് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍,  മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള സാഹചര്യം വിലയിരുത്തിയ ജില്ലാ നേതൃത്വം പ്രാദേശിക നേതാക്കളുമായി ആശയവിനിമയം നടത്തിയെങ്കിലും ജനവികാരം ഏതു തരത്തിലാകുമെന്ന് പറയാനാകില്ലെന്ന പ്രതികരണമാണ് ലഭിച്ചത്. ഇതോടെ ‘ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ ധീരതയോടെ മുന്നേറിയ സഖാവ്’ ആ വഴിപോകേണ്ടെന്ന്   തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ വീട്ടിലേക്ക് പോകുന്നതിനെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസും എതിര്‍ത്തുവെന്നാണ് സൂചന.

ഓഖി ദുരന്ത മേഖലയില്‍ വൈകി എത്തിയ മുഖ്യമന്ത്രിയ്ക്ക് അവിടെ നിന്നും ജീവനും കൊണ്ട് പായേണ്ടിവന്നതിന്‍റെ ദുരനുഭവം മുന്നിലുണ്ട്. അന്ന് വാഹനം മാറിക്കയറി രക്ഷപ്പെടേണ്ടി വന്നതും മുഖ്യമന്ത്രിയ്ക്കും പരിവാരങ്ങള്‍ക്കും മറക്കാനാകില്ല. ഇതെല്ലാം കണക്കിലെടുത്താണ് തീരുമാനം.

സിപിഎം ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ജില്ലാ പൊലീസ് മേധാവിയടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ കണ്ട മുഖ്യമന്ത്രി ജില്ലയിലെ ക്രമസമാധാന നിലയക്കെുറിച്ചും ചര്‍ച്ച നടത്തി.

 

Comments (0)
Add Comment