‘ഐടി സെക്രട്ടറി കാനത്തെ കണ്ടത് എന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കണം’ : വിവാദ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

Jaihind News Bureau
Thursday, April 23, 2020

ഐടി സെക്രട്ടറി കാനത്തെ കണ്ടത് എന്തിനെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാനവും കോടിയേരിയും തമ്മില്‍ കാണുന്നതില്‍ പുതുമയോ ആശ്ചര്യമോയില്ലെന്നും അദ്ദേഹം പറഞ്ഞു. വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കി പതിവ് ധാർഷ്ട്യവും പരിഹാസവുമായി മുഖ്യമന്ത്രി ഇന്നും ഒഴിഞ്ഞുമാറി.

സ്പ്രിങ്ക്ളർ കരാറിൽ അതൃപ്തിയറിച്ച സിപിഐയുടെ ഓഫീസിലെത്തി ഐടി സെക്രട്ടറി എം.ശിവശങ്കർ കരാർ സംബന്ധിച്ച് വിശദീകരിച്ചിരുന്നു.
എകെജി സെൻറിലെത്തി കാനം അമർഷം വ്യക്തമാക്കിയതോടെ സ്പ്രിങ്ക്ളർ വിഷയത്തില്‍ എല്‍ഡിഎഫില്‍ ഒറ്റപ്പെട്ടുപോകുമെന്ന തോന്നല്‍ മുഖമ്യമന്ത്രിയ്ക്ക് ഉണ്ടായി. ഇതോടെയാണ് മുഖം കറുപ്പിച്ച സിപിഐയോട് സ്പ്രിങ്ക്ളർ വിഷയം വിശദീകരിക്കാൻ ഐടി സെക്രട്ടറിയോട് മുഖ്യമന്ത്രി നിർദേശിക്കുന്നത്. ഇതിനെ തുടർന്നാണ് എം.എൻ സ്മാരകത്തിലെത്തി എം. ശിവശങ്കർ സ്പ്രിങ്ക്ളറുമായി കരാർ ഒപ്പിട്ടതിന്‍റെ സാഹചര്യവും മറ്റും വിശദീകരിച്ചത് എങ്കിലും തൃപ്തരാവാതെ കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനെ നേരില്‍ കാണുകയും പാർട്ടിയുടെ ഡേറ്റ നയത്തിന് വിരുദ്ധമായ കരാർ ഒപ്പിടാൻ പാടില്ലായിരുന്നുവെന്ന് അറിയിക്കുകയുമായിരുന്നു. എന്നാല്‍ ഇന്ന് ഇക്കാര്യത്തെ കുറിച്ച് ചോദ്യം ഉയർന്നപ്പോള്‍ തന്നെ മറ്റ് പല പഴയ സംഭവങ്ങളും ഉദ്ധരിച്ച് വിഷയം മാറ്റുകയും പരിഹാസവുമായി എത്തുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. കാനവും കോടിയേരിയും തമ്മില്‍ കാണുന്നതില്‍ പുതുമയോ ആശ്ചര്യമോയില്ലെന്നും അദ്ദേഹം പറഞ്ഞു. ഐടി സെക്രട്ടറി കാനത്തെ കണ്ടെങ്കില്‍ അത് എന്തിനെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറയുകയായിരുന്നു.

പതിവുപോലെ സമയം അതിക്രമിച്ചു എന്ന് പറഞ്ഞ് മൈക്ക് ഓഫ് ആക്കി മുഖ്യമന്ത്രി പോകുകയും ചെയ്തു.