കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ട്; ഹാജരാകാൻ രണ്ടാഴ്ച്ചത്തെ സമയം വേണം : ഇഡിക്ക് സി എം രവീന്ദ്രന്‍റെ കത്ത്

തനിക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇ ഡിക്ക് കത്ത് നൽകി. ഇഡിയ്ക്ക് മുന്നിൽ ഹാജരാകാൻ രണ്ടാഴ്ച്ചത്തെ സമയം രവീന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ കത്തിന്മേൽ എന്ത് നടപടി സ്വീകരിക്കണമെന്ന് ഇ ഡി തീരുമാനിച്ചിട്ടില്ല.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് സി എം രവീന്ദ്രനോട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ചൊവാഴ്ച്ച രവീന്ദ്രൻ തിരുവനന്തപുരത്ത് മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്നു. ഇതേ തുടർന്ന് സി എം രവീന്ദ്രൻ ഇന്ന് കൊച്ചിയിൽ ED ക്ക് മുന്നിൽ ഹാജരായില്ല. ഇതിനിടെയാണ് രാവിലെ സി.എം രവീന്ദ്രൻ തന്‍റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇഡിക്ക് കത്ത് നൽകിയത്.

ശക്തമായ തലവേദനയും, കടുത്ത ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ രണ്ടാഴ്ച്ചത്തെ സമയം വേണമെന്നും രവീന്ദ്രൻ കത്തിലൂടെ ആവശ്യപ്പെട്ടു. മെഡിക്കൽ സൂപ്രണ്ടിന്‍റെ കത്തും ഇതോടൊപ്പം രവീന്ദ്രൻ ഇഡിക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ കത്തിൻമേൽ അടിയന്തിരമായി എന്ത് നടപടി വേണം എന്ന് ഇഡി തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ 2 തവണയും സിഎം രവീന്ദ്രൻ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാം തവണ ഹാജരാകാത്ത സി എം രവീന്ദ്രന്‍റെ നടപടിയിൽ കടുത്ത അതൃപ്തിയിലാണ് ഇഡി. സിഎം രവീന്ദ്രന് 2 ആഴ്ചത്തെ സമയം നീട്ടി നൽകാൻ ഇഡി തയ്യാറല്ല എന്നറിയുന്നു.

അതിനാൽ വിദഗ്ദരുടെ മെഡിക്കൽ ബോർഡ് രൂപീകരിച്ച് രവീന്ദ്രന്‍റെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇഡിയുടെ പരിഗണനയിലാണ്.

Comments (0)
Add Comment