പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടി; ആരോപണങ്ങൾക്കൊന്നും മറുപടി ഇല്ല: രമേശ് ചെന്നിത്തല

Jaihind News Bureau
Monday, August 24, 2020

തിരുവനന്തപുരം:     പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും  അവിശ്വാസ പ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം അഴിമതി ആരോപണങ്ങള്‍  പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. അതിലൊന്നിലും മറുപടി പറയാന്‍  മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ല. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്‍റെ  ചോദ്യങ്ങളില്‍ നിന്നൊളിച്ചോടുന്ന സ്ഥിതിവിശേഷമാണ്  സഭയില്‍ കണ്ടത്. സഭയുടെ എല്ലാ അന്തസും നടപടിക്രമങ്ങളും പാലിച്ച് കൊണ്ട് പ്രതിപക്ഷം സഭയില്‍ സര്‍ക്കാരിനെ തുറന്ന് കാട്ടി.  ബ്രൂവറി ഡിസ്റ്റലറി, മാര്‍ക്ക് ദാനം സ്പ്രിങ്ക്ളര്‍, ഇ-മൊബലിറ്റി പമ്പാ മണല്‍ക്കടത്ത്,  ബെവ്കോ ആപ്പ്,  സിവില്‍ സപ്ലൈസ് അഴിമതി, തുടങ്ങി അദാനിയെ സഹായിച്ച ആരോപണത്തിന് വരെ മുഖ്യമന്ത്രി  മറുപടി പറഞ്ഞില്ല.  കേരളത്തിന്‍റെ കണ്ണായ ഭൂമികള്‍  കൊള്ള സംഘങ്ങള്‍ക്ക് തീറെഴുതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിച്ച അഴിമതിയാരോപണത്തിനും  മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് മറുപടിയുണ്ടായില്ല.

തന്‍റെ ദീര്‍ഘമായ പ്രസംഗത്തില്‍ ഏത് സര്‍ക്കാരുകളും ചെയ്യുന്ന കുറെ കാര്യങ്ങളൊക്കുറിച്ച് മാത്രമാണ് അദ്ദേഹം പറഞ്ഞത്. കാതലായ ഒരു വിഷയങ്ങളും സ്പര്‍ശിച്ചില്ല. കേരളത്തിന്‍റെ   നിയമസഭാ ചരിത്രത്തിലെ  പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് അവതരിപ്പിച്ചത്. അതില്‍ പ്രതിപക്ഷം എഴുതിക്കൊടുത്ത് ഉന്നയിച്ച കാതലായ ഒരു  ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.  നനഞ്ഞ പടക്കം പോലെയായിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും  പ്രസംഗം. അഴിമതിയില്‍ മുങ്ങിക്കുളിച്ച് കേരളത്തിലെ  ജനങ്ങളെ മുഴുവന്‍ കബളിപ്പിക്കുന്ന ഒരു സര്‍ക്കാരാണിത്.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിലുടെ നീളം അദ്ദേഹം ചെയ്ത കാര്യം മാധ്യമങ്ങളെ കുറ്റം പറയുക മാത്രമാണ്.  തിരുവായ്ക്ക് എതിര്‍വായില്ലെന്ന മട്ടില്‍ മാധ്യമങ്ങള്‍ മാറണമോ എന്നാണോ മുഖ്യമന്ത്രി  പറയുന്നത്.  മാധ്യമപ്രവര്‍ത്തകരെ കടന്നാക്രമിക്കുന്ന സൈബര്‍ ഗുണ്ടകള്‍ക്കുള്ള പ്രോല്‍സാഹനമായിരുന്നു  നിയമസഭയിലെ പ്രസംഗമെന്നും രമേശ് ചെന്നിത്തല  കൂട്ടിച്ചേര്‍ത്തു.