സിപിഎം നേതാക്കളുടെ ഭീഷണിയെ തുടർന്ന് ചുമട്ടുതൊഴിലാളി ജീവനൊടുക്കിയ സംഭവം : പാർട്ടി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

Jaihind Webdesk
Tuesday, April 12, 2022

തൃശൂർ:  പീച്ചിയിൽ ചുമട്ടുതൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി.
പാർട്ടിയുടെ കൊടിതോരണങ്ങളും പീച്ചി സെന്‍ററിലെ സിപിഎമ്മിന്‍റെ മണ്ഡപവും അടിച്ചുതകർത്തു. ബ്രാഞ്ച് സെക്രട്ടറി പി.ജി ഗംഗാധരൻ, പാർട്ടി അംഗങ്ങളായ വർഗീസ് അറക്കൽ,പ്രിൻസ് തച്ചിൽ എന്നിവർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
സിപിഎമ്മിന്‍റെ ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ജനലിന്‍റെ ചില്ലുകൾ തകർക്കുകയും ശിലാഫലകം വികൃതമാക്കുകയും ചെയ്തു.

ഞായറാഴ്ചയാണ് പീച്ചി കോലഞ്ചേരി വീട്ടിൽ സജിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സജിയുടെ മൃതദേഹത്തിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടതായി അഭ്യൂഹം വന്നിരുന്നു. ആത്മഹത്യാ കുറിപ്പിൽ സിപിഎമ്മിലെ പ്രാദേശിക നേതാക്കൾക്കളിൽ നിന്നും വധഭീഷണി ഉണ്ടെന്നും ബ്രാഞ്ച് സെക്രട്ടറി ഗംഗാധരനും, പീച്ചി ലോക്കൽ കമ്മിറ്റി
യുമാണ് തന്‍റെ  മരണത്തിന് ഉത്തരവാദികൾ എന്നും  പരാമർശം ഉണ്ടെന്ന് വന്നതോടെ സജിയുടെ സുഹൃത്തുക്കൾ പാർട്ടി നേതാക്കൾക്കെതിരെ തിരിഞ്ഞു.

ഏറെക്കാലമായി പീച്ചിയിലെ സിഐടിയു യൂണിറ്റിൽ ഭിന്നതകൾ നിലനിന്നിരുന്നു. പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ആളെ യൂണിയൻ ഭാരവാഹിത്വത്തിൽ നിന്നും മറ്റു സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു പ്രവർത്തകർ യൂണിയൻ വസ്ത്രവും ബഹിഷ്കരിച്ചിരുന്നു. സിഐടിയു ഓഫീസ് വെളുത്ത പെയിന്‍റ്  അടിച്ച് സ്വതന്ത്ര ചുമട്ടുതൊഴിലാളി യൂണിയൻ എന്ന ബോർഡും സ്ഥാപിച്ചു. പലതരത്തിൽ പാർട്ടി നേതാക്കൾ ഇടപെട്ട് ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികൾ വഴങ്ങിയില്ല. പിന്നീട് ഏതാനും തൊഴിലാളികൾ കൂടി പാർട്ടി പക്ഷത്തേക്ക് വന്നു.

പാർട്ടിയിൽ ഒറ്റപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആരോപിച്ചായിരുന്നു പാർട്ടി നേതാക്കൾക്കെതിരെ പ്രതിഷേധം. പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ച മൃതശരീരത്തിൽ റീത്ത് വെക്കാൻ എത്തിയ നേതാക്കളെ റീത്ത് വയ്ക്കാൻ സമ്മതിക്കാതെ സഹപാഠികളായ പാർട്ടി പ്രവർത്തകർ തിരിച്ചയച്ചു. കഴിഞ്ഞ ദിവസം നടന്ന അക്രമണത്തിൽ പാർട്ടിയുടെ കൊടിതോരണങ്ങളും മണ്ഡപവും തകർത്തതിൽ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.