‘കൊവിഡ് നിബന്ധനകള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കണം; മദ്യം വിതരണം ചെയ്യാന്‍ സർക്കാർ കാണിച്ച ഉത്സാഹം മറ്റ് കാര്യങ്ങളിലും വേണം’ : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Wednesday, June 3, 2020

 

തിരുവനന്തപുരം : വിശ്വാസികളുടെ വികാരം കണക്കിലെടുത്ത് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സർക്കാർ തയാറാകണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊവിഡ്-19 നിബന്ധനകള്‍ക്ക് വിധേയമായി ആരാധനാലയങ്ങള്‍ തുറന്നുകൊടുക്കണം.

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും സമയബന്ധിതമായി തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ പഠനത്തിനുള്ള അടിസ്ഥാനസൗകര്യം എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉറപ്പ് വരുത്തിയിട്ടേ ഇനി ക്ലാസ് തുടങ്ങാവൂ എന്നും ഉമ്മന്‍ ചാണ്ടി നിര്‍ദേശിച്ചു.

പ്രവാസികളെ തിരികെയെത്തിക്കുന്ന കാര്യത്തിലും സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഒരുക്കുന്ന കാര്യത്തിലും സര്‍ക്കാരിന്‍റെ മുന്നൊരുക്കങ്ങള്‍ പാളിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്‍റെ പാളിച്ച ഗള്‍ഫില്‍ 160 ലധികം മലയാളികളുടെയും ദേവിക എന്ന 14കാരിയായ ദളിത് വിദ്യാര്‍ത്ഥിനിയുടെയും ജീവനെടുത്തതായും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

മദ്യം വിതരണം ചെയ്യാന്‍ സർക്കാർ കാട്ടിയ ജാഗ്രതയും ഉത്സാഹവും ഇക്കാര്യങ്ങളിലും ഉണ്ടാകണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.