മന്ത്രിയെ വട്ടം ചുറ്റിച്ചെന്ന് ആരോപിച്ച് സസ്പെന്‍ഡ് ചെയ്ത പോലീസുദ്യോഗസ്ഥന് അംഗീകാരം; മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

Jaihind Webdesk
Saturday, August 13, 2022

 

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു. 261 പോലീസ് ഉദ്യോഗസ്ഥർ മെഡലിന് അർഹരായി. കഴിഞ്ഞ ദിവസം മന്ത്രി പി രാജീവിന്‍റെ പരാതിയിൽ സസ്പെൻഷനിലായ ഗ്രേഡ് എസ്ഐയും മെഡലിന് അർഹരായവരിൽ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ദിവസമാണ് ഗ്രേഡ് എസ്ഐ, എസ്.എസ് സാബു രാജനെ വ്യവസായ മന്ത്രി പി രാജീവിന്‍റെ പരാതിയിൽ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. മന്ത്രിയെ വഴിയിൽ വട്ടംചുറ്റിച്ചെന്ന് ആരോപിച്ചായിരുന്നു സസ്പെൻഷൻ. എന്നാൽ സസ്പെൻഡ് ചെയ്ത ഗ്രേഡ് എസ്ഐ, എസ്.എസ് സാബു രാജനാണ് ഇത്തവണത്തെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹനായത്. എസ്ഐയുടെ സസ്പെൻഷനെതിരെ സേനയിൽ തന്നെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിക്കുന്നത്.

എസ്കോർട്ട് വാഹനങ്ങളിൽ മന്ത്രി പരാതി അറിയിച്ചതിനെ തുടർന്നാണ് പൈലറ്റ് പോയ എസ്ഐയെ സസ്പെൻഡ് ചെയ്തത് എന്നായിരുന്നു വിശദീകരണം. നെയ്യാറ്റിൻകരയിൽ നിന്ന് എറണാകുളത്തേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. അതേസമയം സംഭവം വിവാദമായതോടെ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ല എന്ന് വിശദീകരണവുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. സസ്പെൻഷൻ നടപടി മന്ത്രിയുടെ ഗൺമാന്‍റെ പരാതിയിലാണ് എന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.