മുഖ്യമന്ത്രിയുടെ ഓണ്‍ലൈന്‍ ആഡംബരം; ചെലവ് ഒരുകോടി പത്ത് ലക്ഷം രൂപ; ധൂര്‍ത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയയും

തിരുവനന്തപുരം:രണ്ടുതവണയും കേരളത്തെ പിടിച്ചുലച്ച പ്രളയത്തില്‍ നിന്ന് കരകയറ്റാന്‍ സംസ്ഥാന സര്‍ക്കാറിന് യാതൊരു പണവും കൈയിലില്ലെന്നാണ് പറച്ചില്‍. എങ്കിലും വിവിധയിടങ്ങളിലെ സര്‍ക്കാര്‍ ധൂര്‍ത്തിന് കുറവുമില്ല. സാധാരണക്കാരന്റെ പോക്കറ്റില്‍ നിന്നും പ്രളയ സെസ്സിന്റെ പേരിലും കോടികള്‍ പിരിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയ ധൂര്‍ത്തിന്റെ രേഖകളും പുറത്തുവരികയാണ്. സംസ്ഥാന മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും വെബ്സൈറ്റും നടത്തിപ്പിന് ഈ വര്‍ഷം ചിലവാക്കുന്നത് ഒരുകോടി പത്തുലക്ഷം രൂപയെന്ന് സര്‍ക്കാര്‍ രേഖകള്‍. നാല് മാസത്തെ ചിലവിനായി അനുവദിച്ചിരിക്കുന്നത് 28 ലക്ഷം രൂപയാണ്.

ഓണ്‍ലൈന്‍ വിഭാഗത്തിന് കാര്‍ വാടകയ്‌ക്കെടുക്കാനുള്ള ചിലവ് മാത്രം 73333 രൂപയാണെന്നതില്‍ തന്നെ എത്രമാത്രം ധൂര്‍ത്താണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്ന് വ്യക്തം.  ഈ വിഭാഗത്തില്‍ ഒമ്പതുപേര്‍ക്ക് നാലുമാസത്തെ ചെലവായിട്ട് കാണിച്ചിരിക്കുന്നത് 19,44,508 (പത്തൊമ്പത് ലക്ഷത്തി നാല്‍പ്പത്തിനാലായിരത്തി അഞ്ഞൂറ്റി എട്ട് രൂപ). ഇത്രയും ഉയര്‍ന്ന വേതനം നല്‍കി തീറ്റിപ്പോറ്റുന്നവരുടെ യോഗ്യതയെക്കുറിച്ചുള്ള ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. അങ്ങനെയാണ് നാല് മാസത്തേക്ക് 30 ലക്ഷത്തോളം രൂപ ചെലവിടുന്നത്.

Comments (0)
Add Comment