മുഖ്യമന്ത്രിക്ക് വീണ്ടും വഴിതെറ്റി; അകമ്പടി പോയ എസ്.ഐക്കും രണ്ട് ഡ്രൈവര്‍മാര്‍ക്കും സസ്പെന്‍ഷന്‍; സിഐയോട് വിശദീകരണം തേടി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസവും കോഴിക്കോട് വെച്ച് വഴിതെറ്റി. സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എസ്.ഐയേയും രണ്ട് പൊലീസ് ഡ്രൈവര്‍മാരെയുമാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. സിറ്റി ട്രാഫിക് എസ്.ഐ ഗണേശന്‍, ഇവിടത്തെ ഡ്രൈവര്‍ ബൈജു, മാറാട് സ്റ്റേഷനിലെ ഡ്രൈവര്‍ സത്യനേശന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

അകമ്പടിപോയ മാറാട് സി.ഐ കെ. ദിലീഷിനോട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ വിശദീകരണം തേടി. മുഖ്യമന്ത്രിയുടെ യാത്രയില്‍ സുരക്ഷാപ്പാളിച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിറ്റി പോലീസ് കമ്മീഷണര്‍ എ വി ജോര്‍ജ് നടപടി സ്വീകരിച്ചത്. സി.ഐ ദിലീഷിന്റെ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ എ.വി ജോര്‍ജ് ഉത്തരമേഖലാ ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കും.

ഞായറാഴ്ച രാത്രി ഒമ്പതേമുക്കാലിനാണ് മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍നിന്ന് ഇറങ്ങിയത്. പത്തിന് രാമനാട്ടുകര മേല്‍പ്പാലത്തിന് സമീപമെത്തിയപ്പോള്‍ മുന്നില്‍ ട്രെയിലര്‍ ഉണ്ടായിരുന്നു. പിന്നില്‍നിന്ന് മുഖ്യമന്ത്രിയുടെ വാഹനവും പൊലീസിന്റെ അകമ്പടിവാഹനങ്ങളും നിര്‍ത്താതെ ഹോണടിക്കുന്നത് കേട്ടതോടെ ഭയാശങ്കയിലായ ട്രെയിലറിന്റെ ഡ്രൈവര്‍ മേല്‍പ്പാലത്തിന് അരികിലായി വണ്ടി ഒതുക്കിയിട്ടു. മേല്‍പ്പാലത്തിന് സമീപം യുടേണ്‍ വഴി ഇടത്തേക്ക് തിരിഞ്ഞാണ് വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്നത്.

എന്നാല്‍, അകമ്പടിവാഹനങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ വാഹനവും മേല്‍പ്പാലത്തിലൂടെ മുന്നോട്ടുപോയി. പിന്നീടാണ് മേല്‍പ്പാലത്തിന് താഴെയുള്ള റോഡിലൂടെയാണ് വഴിയെന്ന് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് ബോധ്യമായത്. വഴിതെറ്റിയത് സി ഐയ്ക്കും അപ്പോഴാണ് മനസ്സിലായത്. ഉടന്‍ മേല്‍പ്പാലത്തിലൂടെ തിരിച്ചെത്തി വീണ്ടും മുഖ്യമന്ത്രിയും അകമ്പടിവാഹനങ്ങളും ഇടതുവശത്തെ റോഡിലേക്ക് കടന്നു.

pinarayi vijayan
Comments (0)
Add Comment