‘എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടും കൗണ്ടിംഗ് ഏജന്‍റുമാരെ കാണിക്കണം ; വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം’ ; രമേശ്‌ ചെന്നിത്തല

Jaihind Webdesk
Saturday, May 1, 2021

തിരുവനന്തപുരം : എണ്ണുന്ന ഓരോ പോസ്റ്റൽ വോട്ടുകളും കൗണ്ടിംഗ് ഏജന്‍റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണമെന്നും, വോട്ടെണ്ണലിൽ മനപ്പൂർവം കൃത്രിമം കാണിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം എന്നാവിശ്യപ്പെട്ടു കൊണ്ടും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കേന്ദ്ര മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രക്കും, സംസ്ഥാന മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണക്കും, സംസ്ഥാനത്തെ പോസ്റ്റൽ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ്‌ കൗളിനും കത്ത് നൽകി.

പോസ്റ്റൽ ബാലറ്റുകളിലെ മാർക്കിംഗ് കൗണ്ടിംഗ് ഏജന്‍റുമാരുടെ മുന്നിൽ പ്രദർശിപ്പിക്കണം, ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങൾ കൗണ്ടിംഗ്  ഏജന്‍റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം, വോട്ടെണ്ണലിന്‍റെ ഓരോ ഘട്ടത്തിലും കൗണ്ടിംഗ് ഏജന്‍റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ എന്നും അന്തിമ ഫല പ്രഖ്യാപനം വരുന്നതിനു മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണം എന്നും രമേശ്‌ ചെന്നിത്തല കത്തിൽ ആവശ്യപ്പെടുന്നു.