മാർക്ക് തട്ടിപ്പ് : കേരള സർവകലാശാല പരീക്ഷ വിഭാഗത്തിലെ പാസ്‌വേഡുകള്‍ ബ്ലോക്ക് ചെയ്തു; സർട്ടിഫിക്കറ്റ് വിതരണം നിലച്ചു

Jaihind News Bureau
Tuesday, November 19, 2019

കേരള സർവകലാശാലയിൽ മാർക്ക് തട്ടിപ്പ് പുറത്തായതോടെ സർവകലാശാല പരീക്ഷ വിഭാഗത്തിലുള്ള മുഴുവൻ പാസ്‌വേഡുകളും ബ്ലോക്ക് ചെയ്തു. ഇതോടെ സർവകലാശാലയിലെ സർട്ടിഫിക്കറ്റ് വിതരണവും നിലച്ചു. ഐ.ടി സെല്ലിൽ പ്രത്യേക കമ്പ്യൂട്ടർ വൈദഗ്ധ്യം ഇല്ലാത്തവർ ചുമതല ഏറ്റെടുത്ത ശേഷമാണ് തിരിമറി വ്യാപകമായതെന്ന ആക്ഷേപവും ശക്തമാണ്.

കേരള സർവകലാശാലയിലെ കമ്പ്യൂട്ടർ ശൃംഖലയിൽ കടന്നു കയറിയുള്ള മോഡറേഷൻ മാർക്ക് തട്ടിപ്പ് പുറത്തു വന്നതോടെ സർവകലാശാല പരീക്ഷ വിഭാഗത്തിലുള്ള എല്ലാ പാസ്‌വേഡുകളും മറ്റുകയായിരുന്നു. ഇതോടെ കേരള സർവകലാശാലയിൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അടിയന്തരമായി ആവശ്യമുള്ള ആളുകൾ പ്രതിസന്ധിയിലായിരിക്കുകയാണ്. പരീക്ഷ വിഭാഗത്തിലുള്ള എല്ലാ പാസ്‌വേഡുകളും ബ്ലോക്ക് ചെയ്തതിനെത്തുടർന്നാണ് സർട്ടിഫിക്കറ്റ് വിതരണം മുടങ്ങിയത്.

മാർക്ക് തട്ടിപ്പിൽ അന്വേഷണം നടത്തുന്നതിന്‍റെ പേരിൽ എല്ലാ പാസ്‌വേഡുകളും ബ്ലോക്ക് ചെയ്യുന്നത് അനാവശ്യമാണെന്ന് ബ്രാഞ്ച് മേധാവികൾ പറയുന്നു. മാന്വലായി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കുവാൻ ഇപ്പോൾ സാധ്യമല്ല. പരീക്ഷാ കൺട്രോളറും വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി.

2017ൽ രൂപീകരിച്ച ഐ ടി സെല്ലിൽ പ്രത്യേക കമ്പ്യൂട്ടർ വൈദഗ്ധ്യം ഇല്ലാത്തവർ ചുമതല ഏറ്റെടുത്ത ശേഷമാണ് കൃത്രിമങ്ങൾ അരങ്ങേറിയതെന്ന് പരീക്ഷ വിഭാഗത്തിലെ ജീവനക്കാർ പറയുന്നു. ജീവനക്കാർക്ക് നൽകുന്ന പാസ്‌വേഡ് സ്ഥലം മാറ്റപ്പെടുമ്പോൾ പ്രാബല്യത്തിൽ ഇല്ലാതാക്കേണ്ടതും പകരം പുതിയ പാസ്സ്‌വേർഡ് നൽകേണ്ടതും ഈ സെല്ലിന്‍റെ ചുമതലയാണ്. എന്നാൽ ഇക്കാര്യം ഉദ്യോഗസ്ഥർ ആരും തന്നെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന ആക്ഷേപമുണ്ട്. 70 ഓളം പഴയ പാസ്സ്‌വേർഡ്‌കൾ ഉപയോഗിച്ചാണ് പരീക്ഷ വിഭാഗത്തിൽ മാർക്ക്‌ രേഖകളിൽ കൃത്രിമം നടത്തിയിട്ടുള്ളത്.

https://youtu.be/SN0U1Oibs3E