ലൈഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ

ലൈഫ് മിഷൻ പദ്ധതിയിൽ കേരളം പ്രോട്ടോക്കോൾ ലംഘിച്ചെന്ന് കേന്ദ്രസർക്കാർ. വിദേശകാര്യം കേന്ദ്രവിഷയമായിരിക്കെ പദ്ധതിക്ക് കേരളം അനുമതി തേടിയില്ലെന്നും ഇക്കാര്യം പരിശോധിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുഎഇ കോൺസുലേറ്റുമായുള്ള മന്ത്രി കെ.ടി ജലീലിന്‍റെ ഇടപാട് എൻഫോഴ്സ്മെന്‍റ് അന്വേഷിക്കും എന്ന റിപ്പോർട്ടുകൾക്കിടെയാണ് ലൈഫ് മിഷനിലും കേന്ദ്രം നിലപാട് കടുപ്പിക്കുന്നത്.

പദ്ധതിക്കായി റെഡ്‌ക്രെസൻറുമായി കരാർ ഒപ്പിട്ടത് പ്രോട്ടോക്കോൾ പാലിച്ചല്ലെന്ന് വിലയിരുത്തി കേന്ദ്രം വിശദാംശം തേടിയിരുന്നു. കേന്ദ്രത്തിന് മറുപടി നൽകിയ ശേഷം വിദേശസർക്കാരുമായി കരാർ ഇല്ലാത്തതിനാൽ കേന്ദ്ര അനുമതി ആവശ്യമില്ലെന്നാണ് സംസ്ഥാനം വ്യക്തമാക്കിയത്.

എന്നാൽ ഭരണഘടന ചൂണ്ടിക്കാട്ടി വിദേശ ബന്ധത്തിൽ അധികാരം കേന്ദ്രത്തിനു തന്നെയെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. പരിശോധന തുടരുന്നു എന്ന് പറഞ്ഞെങ്കിലും മന്ത്രാലയം പക്ഷേ ഇക്കാര്യത്തിൽ കൂടുതൽ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല. റെഡ്ക്രോസിന് തുല്യമായ സംഘടനയാണ് റെഡ്‍ക്രെസന്‍റ്. അതുകൊണ്ട് തന്നെ പദ്ധതിക്ക് മുൻകൂർ അനുമതി തേടണമായിരുന്നു എന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്.

ഇതാദ്യമായാണ് പ്രോട്ടോക്കോൾ ലംഘനം നടന്നു എന്ന് വിദേശകാര്യമന്ത്രാലയം പരസ്യമാക്കുന്നത്.

Comments (0)
Add Comment