VIDEO : കതിരൂരിൽ പൊലീസ് പിക്കറ്റിംഗ് പോസ്റ്റിന് സമീപം ബോംബേറ്; സിസിടിവി ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന്

Jaihind News Bureau
Thursday, January 16, 2020

കണ്ണൂർ കതിരൂരിൽ പൊലീസ് പിക്കറ്റിംഗ് പോസ്റ്റിന് സമീപം ബോംബേറ്.  പൊന്ന്യം നായനാർ റോഡിലാണ് ഇന്ന് പുലർച്ചെ ഉഗ്ര ശേഷിയുള്ള ബോംബെറിഞ്ഞത്.  ബോംബെറിഞ്ഞയാളെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. ബോംബെറിയുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ ജയ്ഹിന്ദ് ന്യൂസിന്.

കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊന്ന്യം നായനാർ റോഡിലാണ് ബോംബേറ് നടന്നത്.  അർദ്ധരാത്രി കഴിഞ്ഞ് ഒന്നര മണിയോടെയാണ് ബോംബേറുണ്ടായത്. പോലീസ് പിക്കറ്റ് പോസ്റ്റിനടുത്താണ് സ്ഫോടനം നടന്നത്.

കതിരൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ.മാരായ അരുൺ, മഹേഷ് കുമാർ എന്നിവരായിരുന്നു ഇന്നലെ രാത്രി ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. ഇരുവരും സമീപത്തെ ക്ഷേത്ര ഉത്സവത്തിന്‍റെ ഡ്യൂട്ടിക്കായി പോയതിന് ശേഷമാണ് ബോംബേറ് നടന്നത്. ബോംബ് പൊട്ടുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പാണ് റോഡിൽ നിന്നിരുന്ന പോലീസുകാർ മറ്റൊരു സ്ഥലത്തേക്ക് ഡ്യൂട്ടിക്കായി പോയത്. പോലീസിന് നേരെയാണ് ബോംബെറിഞ്ഞതെന്നാണ് സൂചന. സമീപം ബി ജെ പി ഓഫിസും ഉണ്ടായിരുന്നു.

ബോംബെറിയുന്ന ദൃശ്യങ്ങൾൾ സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളിൽ നിന്നും കതിരൂർ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.

പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്നതിനാലാണ് പോലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിരുന്നത്.. ഈ മാസം നാലിന് തൊട്ടടുത്ത പ്രദേശമായ കുണ്ടുചിറയിൽ നിന്നും ഉഗ്രസ്ഫോടകശേഷിയുള്ള പതിനാലോളം ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് വ്യാപക പരിശോധനയും നടത്തിയിരുന്നു. ഇതിന് ഇടയിലാണ് പൊലീസ് പിക്കറ്റിംഗിന് നേരെ ബോംബേറുണ്ടാകുന്നത്.

 

https://youtu.be/X21AokIDkGw