സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങള്‍ നീക്കിയത് ജൂലൈ ആറിന് ; സർക്കാർ വാദം പൊളിയുന്നു

സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുടെ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ സി.സി ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തത് ജൂലൈ ആറിന്. ദൃശ്യങ്ങൾ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

ജൂലൈ 13 ന് പൊതുഭരണവകുപ്പ് ഹൗസ്‌കീപ്പിംഗ് സെല്‍ പുറത്തിറക്കിയ ഉത്തരവിലാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലെ സി.സി ടി.വി പോർട്ട് 8 നെറ്റ്‌വർക്ക്‌ സ്വിച്ച് മാറ്റി സ്ഥാപിച്ചു എന്ന് വ്യക്തമാകുന്നത്. ഇടിമിന്നലേറ്റതിനെ തുടർന്ന് പൊതുമരാമത്ത് ഇലക്ട്രോണിക് വിഭാഗം മുഖേന കൈതമുക്കിലെ സെക്യു വിഷന്‍ എന്ന കമ്പനിയാണ് സ്വിച്ച് സ്ഥാപിച്ചതെന്ന് രേഖകളില്‍ പറയുന്നു. ഇടിമിന്നല്‍ ഏറ്റതിനെ തുടർന്ന് സി.സി ടി.വി സംവിധാനം പ്രവര്‍ത്തനരഹിതമായെന്നാണ് വിശദീകരണം.

സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതികള്‍ നിരന്തരം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിന്‍റെ ഓഫീസിലും നിത്യസന്ദർശകയായിരുന്നു. ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറാതിരിക്കാന്‍ സി.സി ടി.വി ഇടിമിന്നലേറ്റ് കേടായി എന്ന് വരുത്തിത്തീർക്കാനാണ് നീക്കം നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവർ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഏപ്രില്‍ 16നാണ് സി.സി ടി.വി കേടായതെന്നുമാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് നല്‍കിയ വിശദീകരണം. അതേസമയം സി.സി ടി.വി ദൃശ്യങ്ങള്‍ മാറ്റിയത് ജൂലൈ 6 നാണെന്ന് വ്യക്തമാണ്.

സ്വർണ്ണക്കള്ളക്കടത്ത് വാര്‍ത്ത പുറത്തുവന്നത് ജൂലൈ 5 നാണ്. അന്ന് വൈകുന്നേരം തിരുവനന്തപുരം നഗരത്തില്‍ സമ്പൂർണ്ണ ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന്‍റെ മറവിലാണ് തൊട്ടടുത്ത ദിവസം സി.സി ടി.വി ദൃശ്യങ്ങള്‍ മാറ്റിയത്. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കറിന്‍റെ ഓഫീസിന് എതിര്‍വശത്താണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ്. ശിവശങ്കറിന്‍റെ മുറിയിലേക്ക് പോവുകയും വരികയും ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പതിയുത് ഈ സി.സി ടി.വി ക്യാമറകളിലാണ്.

Comments (0)
Add Comment