ബലം പ്രയോഗിച്ചുള്ള കല്ലിടല്‍ ആശങ്കാജനകം; സില്‍വർലൈനിനെ അന്ധമായി പിന്തുണയ്ക്കാനാവില്ല: സർക്കാരിന് വിമർശനവുമായി കത്തോലിക്കാ സഭ

Jaihind Webdesk
Wednesday, March 30, 2022

സില്‍വർലൈനില്‍ സര്‍ക്കാരിനെതിരെ വിമർശനവുമായി കത്തോലിക്കാ സഭാ. ജനങ്ങളുടെ ഭീതി സർക്കാർ ഗൗരവമായി എടുക്കണം. ജനങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകണം. സിൽവർലൈൻ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാനില്ലെന്ന് ദീപിക ദിനപത്രത്തിലെ ലേഖനത്തിലൂടെ  കത്തോലിക്കാ സഭ വ്യക്തമാക്കി.

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട്  പൊതുജനത്തിന്‍റെ ആശങ്ക അകറ്റാന്‍ സർക്കാർ നടപടിയെടുക്കണം. ‘വികസനം: കത്തോലിക്ക സഭയുടെ നിലപാട്’ എന്ന തലക്കെട്ടിൽ ദീപിക പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കത്തോലിക്കാ സഭ നിലപാട് ആവർത്തിച്ചത്. കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഡോ. മൈക്കിൾ പുളിക്കലിന്‍റേതാണ് ലേഖനം.  സിൽവർ ലൈൻ പദ്ധതിയിൽ സഭയ്ക്കുള്ളിൽ ഒരേ നിലപാടാണുള്ളത്. രണ്ടാം വിമോചന സമരമെന്നും തീവ്രവാദ ബന്ധമെന്നും ഭരണകക്ഷി നേതാക്കന്മാർ ആരോപണങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണമെന്നും ലേഖനത്തിൽ പറയുന്നു.

വികസന വിരുദ്ധ നയങ്ങളാണ് സഭയുടേതെന്ന് ചിലർ പ്രചരിപ്പിച്ചു. വേണ്ടത്ര പഠനങ്ങളുടെ പിൻബലത്തോടെയും ജനപിന്തുണയോടെയും വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നത് ലോകത്തെവിടെയും കത്തോലിക്കാ സഭയ്ക്ക് പൂർണ്ണ യോജിപ്പാണുള്ളത്. അത്തരം പദ്ധതികൾക്കായി ദേവാലയങ്ങളും കുരിശുപള്ളികളും വിട്ടുകൊടുത്ത ചരിത്രമാണുള്ളത്.
സഭയെ വികസന വിരോധികൾ എന്ന് മുദ്ര കുത്തുന്നവർ ഒരു കാലത്ത് കമ്പ്യൂട്ടറിനെ എതിർത്തവരാണ്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ പദ്ധതിയെ അന്ധമായി വിശ്വസിക്കാൻ സാധിക്കില്ല എന്നാണ് സഭയുടെ നിലപാട്.

ജനനന്മയ്ക്ക് ഉപകരിക്കുന്ന പദ്ധതികളെ സ്വാഗതം ചെയ്യും. പോലീസിനെ ഉപയോഗിച്ചുള്ള കല്ലിടല്‍ ആശങ്കാജനകമാണ്. മറ്റ് അടിസ്ഥാനപരമായ ആവശ്യങ്ങൾ മാറ്റിവെച്ച് വലിയ വായ്പയെടുത്ത് പദ്ധതി നടപ്പാക്കുന്നത് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും  നിലവിലുള്ള റെയിൽ പാത പരമാവധി ഉപയോഗിക്കാനാകുന്ന പദ്ധതികൾ തയാറാക്കണമെന്നും കത്തോലിക്കാ സഭ ആവശ്യപ്പെടുന്നു. ജന പിന്തുണയില്ലാതെ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോയാൽ സമരവുമായി സഭയും രംഗത്ത് ഉണ്ടാകുമെന്ന സൂചന കൂടിയാണ് ഈ ലേഖനത്തിലൂടെ പുറത്തുവരുന്നത്.