സംസ്ഥാനം 195.82 കോടി രൂപ നഷ്ടമാക്കി ; ലഭിക്കാതെ പോയത് 42,431 വീടുകള്‍ : സിഎജി റിപ്പോർട്ട്

Jaihind Webdesk
Tuesday, June 1, 2021

പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കുന്നതില്‍ കേരളത്തിന് വീഴചയുണ്ടായതായി കണ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. 195.82 കോടി രൂപയുടെ കേന്ദ്ര ധനസഹായം സംസ്ഥാനം നഷ്ടപ്പെടുത്തി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിലും അനുമതികള്‍ തേടുന്നതിലും വീഴ്ചയുണ്ടായതായി നിയമസഭയുടെ മേശപ്പുറത്തു വച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

2019ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സിഎജി റിപ്പോര്‍ട്ടിലാണ് ഭവന നിര്‍മാണ പദ്ധതിയിലെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേരളത്തില്‍ 42,431 ഗുണഭോക്താക്കള്‍ക്ക്   നിര്‍മിച്ചു നല്‍കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ സ്ഥിരം മുന്‍ഗണന ലിസ്റ്റിലേക്ക് അര്‍ഹമായ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് വീഴ്ച പറ്റി.

വീടുനിര്‍മാണത്തില്‍ വയോജനങ്ങളെയും ദുര്‍ബലരേയും സഹായിക്കുക, ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുക, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയ്ക്കായി പദ്ധതികളെ സംയോജിപ്പിക്കുക എന്നിവ ഉറപ്പാക്കുന്നതില്‍ ഗ്രാമ പഞ്ചായത്തുകള്‍ പരാജയപ്പെട്ടതായും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കുടുംബത്തിലെ പുരുഷ അംഗത്തിന്‍റെ പേരില്‍ ക്രമരഹിതമായി വീട് അനുവദിക്കുന്നതിലും ഗുണഭോക്താക്കള്‍ക്ക് വായ്പ തരപ്പെടുത്തുന്നതിലും ബ്ലോക്ക് പഞ്ചായത്തുകള്‍ പരാജയപ്പെട്ടു.

ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ലഭിക്കാതെയും കേരള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്‍റെ അതോറിറ്റിയില്‍ നിന്ന് സമ്മതപത്രം വാങ്ങാതെയും വീടുകള്‍ നിര്‍മിച്ചതായും സിഎജി കണ്ടെത്തി. 2016- 18 കാലയളവില്‍ കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയ 195.82 കോടി രൂപയാണ് സംസ്ഥാനം നഷ്ടപ്പെടുത്തിയത്. ഇതിനു പുറമേ ആരോഗ്യം, വിദ്യാഭ്യാസം, അടക്കമുള്ള മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ മുടക്കിയ പണം തീരുമാനങ്ങള്‍ എടുക്കുന്നതിലെ അനിശ്ചിതത്വവും മേല്‍നോട്ടവും ഏകോപനവും ഇല്ലാത്തതിനാല്‍ പ്രയോജനപ്പെടാതെ പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.