പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു; കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും സി എ ജി ഓഡിറ്റ് നിഷേധിച്ചത് അഴിമതി പുറത്ത് വരുമെന്ന് ഭയന്ന്: രമേശ് ചെന്നിത്തല

Jaihind Webdesk
Monday, September 9, 2019

തിരുവനന്തപുരം: കിഫ്ബിക്ക് പിന്നാലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്കും (കിയാല്‍) സര്‍ക്കാര്‍ സി എ ജി ഓഡിറ്റ് നിഷേധിച്ചത് കോടികളുടെ കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേലി തന്നെ വിളവ് തിന്നുന്നത് സി എ ജി കൈയ്യോടെ പിടികൂടും എന്ന ഭയമാണ് വിചിത്രമായ വാദങ്ങളുയര്‍ത്തി സി എ ജിക്ക് ഓഡിറ്റ് ് തടയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി എ ജിക്ക് കിഫ്ബിയുടെ ഓഡിറ്റ് നിഷേധിച്ച നടപടിയെ തികച്ചും വസ്തുത വിരുദ്ധമായ കാരണങ്ങള്‍ നിരത്തിയാണ് ധനമന്ത്രി ന്യായീകരിക്കാന്‍ ശ്രമിച്ചത്. തെറ്റായ വാദങ്ങളുയര്‍ത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു ഇത്. ഇത് തുറന്ന് കാട്ടി പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താന്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് സര്‍ക്കാരും ധനമന്ത്രിയും ഉത്തരം നല്‍കാതെ ഒളിച്ചോടുകയാണണെന്നും അഴിമതി പിടിക്കപ്പെടുമെന്ന ഭയമില്ലങ്കില്‍ ഭരണഘടനാ സ്ഥാപനമായ സി എ ജിയുടെ ഓഡിറ്റിനെ പിന്നെ എന്തിന് സര്‍ക്കാര്‍ തടയണമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പിണറായി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ് എന്നതിന്റെ എറ്റവും വലിയ തെളിവാണ് സി എ ജി ഓഡിറ്റ് തടയുന്ന സര്‍ക്കാര്‍ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2015-2016 വര്‍ഷം വരെ കിയാലിന്റെ ഓഡിറ്റ് നടത്തിയിരുന്നത് സി.എ.ജിയാണ് . എന്നാല്‍ 2017 മുതല്‍ സര്‍ക്കാര്‍ വിചിത്രമായ വാദമുയര്‍ത്തിയാണ് കിയാലിന്റെ സി.എ.ജി. ഓഡിറ്റ് തടഞ്ഞിരിക്കുന്നത്. 65 ശതമാനം പൊതമേഖല ഓഹരിയുള്ള കിയാല്‍ സര്‍ക്കാര്‍ കമ്പനിയല്ലെന്ന വിചിത്ര വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്.കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം നിയമപ്രകാരം കിയാല്‍ സര്‍ക്കാര്‍ കമ്പനി തന്നെയാണെന്ന് സ്ഥിതികരിച്ചിട്ടും എന്തുകൊണ്ടാണ് സര്‍ക്കാര്‍ സി എ ജിക്ക് ഓഡിറ്റ് അനുമതി നിഷേധിക്കുന്നത്. അന്നൊന്നും ഇല്ലാത്ത പുതിയ കാര്യങ്ങള്‍ കിയാലില്‍ നടക്കുന്നതു കൊണ്ടല്ലേ സര്‍ക്കാരിന്റെ ഈ നിലപാട് മാറ്റം. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് അറിയാനുള്ള അവകാശമുണ്ട്.കിഫ് ബി യുടെയും കിയാലിന്റെയും പ്രവര്‍ത്തനങ്ങളെ ഓഡിറ്റ് ചെയ്യാനുള്ള അനുമതി സി എ ജിക്ക് നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.