5 സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേരിടാന്‍ പോകുന്നത് കനത്ത തിരിച്ചടിയാണെന്ന് സര്‍വ്വേ. നവംബര്‍ ആദ്യ വാരത്തില്‍ ദ സെന്‍റര്‍ ഫോര്‍ വോട്ടിംഗ് ഓപ്പീനിയന്‍സ് ആന്‍റ് ട്രെന്‍ഡ് ഇലക്ഷന്‍ റിസള്‍ട്ട് (സീവോട്ടര്‍) എന്ന സംഘടനയുടെ ഏറ്റവും പുതിയ സര്‍വ്വേയില്‍ ആണ് ബിജെപിയുടെ താമരവാട്ടം പ്രവചിക്കുന്നത്. രാജസ്ഥാനില്‍ തകര്‍ന്നടിയുന്ന ബിജെപിയ്ക്ക് മധ്യപ്രദേശിലും രക്ഷയില്ലെന്നും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഏറ്റവും ശ്രദ്ധേയമായ പ്രവചനം തെലുങ്കാനയില്‍ കോണ്‍ഗ്രസ് മിന്നുന്ന പ്രകടനം കാഴ്ചവയ്ക്കും എന്നുള്ളതാണ്. കോണ്‍ഗ്രസ് തെലുങ്കുദേശം സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും 64 സീറ്റുകള്‍ വരെ സഖ്യത്തിന് ലഭിക്കുമെന്നുമാണ് സര്‍വ്വെ വ്യക്തമാക്കുന്നത്. രാജസ്ഥാനില്‍ 145 സീറ്റുകളും ലഭിക്കുമെന്നും ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം, മിസോറാമില്‍ കഴിഞ്ഞ തവണത്തേക്കാള്‍ സീറ്റുകള്‍ കുറയുമെന്നും സര്‍വ്വേയുടെ മറ്റൊരു പ്രവചനം.
രാജസ്ഥാനിലും മധ്യപ്രദേശിലും താമരവാട്ടത്തിന് പ്രധാനകാരണമായി സര്‍വ്വേ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍ കാര്‍ഷിക മേഖലയിലെ തകര്‍ച്ചയാണ്. നേരത്തെ സീ വോട്ടര്‍ നടത്തിയ സര്‍വ്വേയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്ക് പരാജയം പ്രവചിച്ചിരുന്നു.