ബഫർ സോൺ വിഷയം; സർക്കാരിന്‍റെ അലംഭാവവും കെടുകാര്യസ്ഥതയും മാപ്പർഹിക്കാത്ത കുറ്റം; വിഡി സതീശന്‍

കൊച്ചി : ബഫർ സോൺ വിഷയത്തിൽ സർക്കാർ കാണിച്ച അലംബാവവും കെടുകാര്യസ്ഥതയും മാപ്പർഹിക്കാത്ത കുറ്റമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2013 ൽ ഒരു കിലോമീറ്ററിൽ പൂർണ്ണമായും ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്നും ഒഴിവാക്കണം എന്ന് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനമെടുത്തു. എന്നാൽ 2019 ൽ പിണറായി സർക്കാർ ഈ തീരുമാനം മാറ്റിയെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ വന പ്രദേശം ഉണ്ട്. 20 പട്ടണങ്ങൾ കേളത്തിൽ ബഫർ സോണാകും.ഇതെല്ലാം സുപ്രീം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാർ പരാജയമാണ്. അതിന് മാന്വൽ സർവേ നടത്തണം. ഉപഗ്രഹ സർവേയാണ് സുപ്രീം കോടതിക്ക് നൽകുന്നതെങ്കിൽ കോടതിയിൽ നിന്ന് ഗുരുതരമായ തിരിച്ചടിയുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു.

നിലവിൽ വനപ്രദേശത്തെ കർഷകർ അനുഭവിക്കുന്നത് അതി ദുരിതം. അടിയന്തരമായി മാന്വൽ സർവേ നടത്തണം. അതുവരെ കാലാവധി നീട്ടണം. ഇല്ലങ്കിൽ പതിനായിരങ്ങൾ കുടിയിറങ്ങേണ്ടി വരും. ഇല്ലെങ്കിൽ അതിശക്തമായ സമരം യുഡിഎഫ് ഏറ്റടുക്കും. പ്രത്യക്ഷ സമരത്തെ കുറിച്ച് കെ.പി.സി.സി പ്രസിഡണ്ടും, യു.ഡി.എഫ് നേതാക്കളും പ്രഖ്യാപിക്കും.കേരളത്തിലെ കോൺഗ്രസും യു.ഡി.എഫും ജനകീയ സമരം ഏറ്റെടുത്ത് വിജയിപ്പിക്കാൻ പ്രാപ്തരാണ്. അത് കെ. റെയിൽ വിഷയത്തിൽ തെളിയിച്ചതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഒരു ലക്ഷത്തിലധികം വീടുകളെ ബാധിക്കും. ഇരുപത് പട്ടണങ്ങളെ ബാധിക്കും. പഞ്ചായത്തുകളെ കൊണ്ട് പരിശോധിക്കാമെന്ന് മന്ത്രി ഇപ്പോൾ പറയുന്നു. ഇത്ര കാലതാമസം എന്തിനു വരുത്തിയെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഭരിക്കാൻ മറന്ന് പോയ സർക്കാറാണ് കേരളത്തിൽ ഉള്ളതെന്നും  പറഞ്ഞു.

Comments (0)
Add Comment