കണ്ണൂരില്‍ സി.പി.എമ്മിന്റെ കള്ളവോട്ട് സ്ഥിരീകരിച്ചു; മൂന്നുപേര്‍ക്കെതിരെ കേസ്

Jaihind Webdesk
Monday, April 29, 2019


തിരുവനന്തപുരം: കണ്ണൂരില്‍ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണ. കാസര്‍കോട് മണ്ഡലം ഉള്‍പ്പെടുന്ന കണ്ണൂര്‍ പിലാത്തറ 19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതായാണ് ഉറപ്പിച്ചത്. സുമയ്യ, സലീന, പത്മിനി എന്നിവര്‍ രണ്ടുതവണ വോട്ട് ചെയ്തു.

മൂന്നുപേര്‍ക്കെതിരെയും കേസ് എടുക്കും. പത്മിനിക്കെതിരെയും സുമയ്യക്കെതിരെയും കേസ് എടുക്കാന്‍ വരണാധികാരിക്ക് നിര്‍ദ്ദേശം നല്‍കി. എന്‍.പി. സലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ശിപാര്‍ശ ചെയ്തു. ഇവര്‍ പഞ്ചായത്ത് അംഗത്വം രാജിവെച്ച് നിയമനടപടികള്‍ നേരിടണം. പത്മിനിയും സുമയ്യയും ബൂത്ത് 19ലെ വോട്ടര്‍മാരല്ല. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി ഒരാഴ്ച്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രിസൈഡിങ് ഓഫീസര്‍ നിയമപരമായ ചട്ടങ്ങള്‍ പാലിച്ചില്ല. ഓപണ്‍ വോട്ട് എന്നൊരു സംഭവം തെരഞ്ഞെടുപ്പില്‍ ഇല്ലായെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം വീണ വ്യക്തമാക്കി. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ച എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് സതീഷ് ചന്ദ്രനെതിരെയും നടപടിയെടുക്കും.

ചെറുതാഴം പഞ്ചായത്ത് അംഗം സലീന, മുൻ പഞ്ചായത്ത് അംഗം കെ.പി.സുമയ്യ, പത്മിനി എന്നിവർക്കെതിരെയാണ് ക്രിമിനൽ കേസെടുക്കാൻ നിർദേശം. ഈ മൂന്നു പേരുടെയും വോട്ട് മറ്റു ബൂത്തുകളിലാണെന്നും മീണ അറിയിച്ചു.

പിലാത്തറ എയുപി സ്കൂളിൽ പത്മിനി രണ്ടു തവണ വോട്ടു ചെയ്തതായി വെബ് കാസ്റ്റ് വിഡിയോയില്‍ വ്യക്തമാണ്. കെ.പി.സുമയ്യ, സലീന എന്നിവരും രണ്ടു വോട്ട് ചെയ്തു. സംഭവത്തിൽ എൽഡിഎഫ് പോളിങ് ഏജന്റ്, പ്രിസൈഡിങ് ഓഫിസർ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷണമുണ്ടാകും. ഉദ്യോഗസ്ഥരുടെ കണ്മുന്നിലാണ് കള്ളവോട്ടു നടന്നത്. അതിനാൽത്തന്നെ അവർക്കെതിരെയും അന്വേഷണം ഉണ്ടാകും. ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകാൻ കലക്ടർക്കു നിർദേശം നൽകിയിട്ടുണ്ട്.

സുമയ്യ, സലീന എന്നിവർ ചെയ്തത് ഓപൺ വോട്ടാണെന്നായിരുന്നു സി.പി.എമ്മിന്‍റെ വാദം. എന്നാൽ ഈ വാദം അംഗീകരിക്കാനാകില്ലെന്നും മീണ പറഞ്ഞു. പ്രദേശത്തെ നാടൻ പ്രയോഗമാണ് ഓപൺ വോട്ടെന്നാണു കലക്ടറുടെ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇത് കംപാനിയൻ വോട്ടാണെന്നാണു തെരഞ്ഞെടുപ്പ് ചട്ടത്തില്‍ പറയുന്നത്. കംപാനിയൻ വോട്ട് ചെയ്യണമെങ്കിൽ വോട്ടു ചെയ്യുന്ന ആള്‍ക്കൊപ്പം വോട്ടറും ഉണ്ടായിരിക്കണം. കള്ളവോട്ട് ചെയ്യാൻ എൽ.ഡി.എഫ് ബൂത്ത് ഏജന്റ് സഹായിച്ചോ എന്ന കാര്യവും അന്വേഷിക്കും. പ്രാഥമിക വിവര റിപ്പോർട്ടിൽ പോളിങ് ഏജന്റായ രഘുനാഥിനും ഇക്കാര്യത്തിൽ പങ്കുണ്ടെന്നാണ് സൂചന.

കാസര്‍കോട്ടെ പിലാത്തറയിലും എരമംകുറ്റൂരും കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഒരാള്‍ തന്നെ രണ്ടുതവണ വോട്ട് ചെയ്യുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.