രക്തപരിശോധന വൈകിപ്പിച്ചതിനാല്‍ മദ്യത്തിന്‍റെ സാന്നിധ്യം നെഗറ്റീവാകാന്‍ സാധ്യത; ശ്രീറാമിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Monday, August 5, 2019

മാധ്യമപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ശ്രീറാമിന്‍റെ രക്തപരിശോധനാ ഫലവും ഇന്ന് പൊലീസിന് കൈമാറും. അതേസമയം രക്തപരിശോധന വൈകിപ്പിച്ചതിനാല്‍ രക്തത്തിലെ മദ്യത്തിന്‍റെ സാന്നിധ്യം നെഗറ്റീവാകാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ശ്രീറാമിന്‍റെ സസ്‌പെൻഷൻ കാര്യത്തിലും സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും.

തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുക. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ നിർണായകമായ രക്തപരിശോധനാ ഫലം ഇന്ന് ലഭിക്കും. പരിശോധനയിൽ മദ്യത്തിന്‍റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന.

അപകടം കഴിഞ്ഞ് 9 മണിക്കൂറിന് ശേഷമാണ് ശ്രീറാമിന്‍റെ രക്തപരിശോധന നടത്തിയത്. സമയം വൈകിയതിനാൽ രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യം കുറയുമെന്ന് നേരത്തേ വിമർശനമുണ്ടായിരുന്നു. രക്തത്തിൽ മദ്യത്തിന്‍റെ സാന്നിധ്യം കുറക്കാൻ സ്വകാര്യ ആശുപത്രിയിൽ നിന്ന് മരുന്നു നൽകിയെന്ന സംശയങ്ങളും നിലനിൽക്കുന്നുണ്ട്. രക്ത പരിശോധനാ ഫലം നെഗറ്റീവായാൽ മനപൂര്‍വ്വമല്ലാത്ത നരഹത്യ മാത്രമായിരിക്കും ശ്രീറാമിനെതിരെ നിലനിൽക്കുക. ജാമ്യം ലഭിക്കാനും എളുപ്പമാകും.

അതേസമയം ശ്രീറാമിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുന്ന കാര്യത്തിൽ സർക്കാർ ഇന്ന് തീരുമാനമെടുത്തേക്കും. ശ്രീറാം റിമാന്‍ഡിലായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരെ വിമർശനം ഉയർന്നിരുന്നു. കേസിന്‍റെ തുടക്കംമുതല്‍ തന്നെ ശ്രീറാമിനെ സംരക്ഷിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നുവെന്ന ആരോപണം ശക്തമാണ്.

അതീവഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടുപോകുന്നതുപോലെയാണ് ഇന്നലെ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. അതേസമയം ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാലാണ് ജില്ലാ ജയിലിലേക്ക് മാറ്റാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചത്. ഈ സാഹചര്യത്തില്‍ മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറില്‍ കിടത്തി കൊണ്ടുപോയത് ശ്രീറാമിനെ മാധ്യമങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്താനായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതും പോലീസ് നടത്തിയ നാടകമാണെന്നാണ് ആക്ഷേപം. എന്തായാലും ഇന്നത്തെ രക്തപരിശോധനാഫലം കേസിന്‍റെ തുടര്‍നടപടികളില്‍ നിര്‍ണായകമാകുന്ന ഘടകമാണ്.