‘ഉന്നാവോ പീഡനക്കേസ് പ്രതിക്ക് ബി.ജെ.പിയുടെ ഹൃദയത്തിലാണ് ഇപ്പോഴും സ്ഥാനം’ : പരിഹസിച്ച് പ്രിയങ്കാ ഗാന്ധി

Jaihind Webdesk
Saturday, August 17, 2019

മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്കൊപ്പം ഉന്നാവോ പീഡനക്കേസ് പ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിംഗ് സെന്‍ഗാറിനെയും ഉള്‍പ്പെടുത്തിയ നടപടിയെ പരിഹസിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സി.ബി.ഐ കുറ്റക്കാരനെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുകയും പരമോന്നത കോടതി ശാസിക്കുകയും ചെയ്തിട്ടും കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ സ്ഥാനം ബി.ജെ.പിയുടെ ഹൃദയത്തില്‍ തന്നെയാണെന്ന് പ്രിയങ്ക പരിഹസിച്ചു.

‘സി.ബി.ഐ റിപ്പോർട്ട് നൽകി. സുപ്രീംകോടതി ശാസിച്ചു, പക്ഷേ ബലാത്സംഗ പ്രതി കുൽദീപ് സിംഗ് സെംഗാറിന് ഇപ്പോഴും ബി.ജെ.പിയുടെ ഹൃദയത്തിലാണ് സ്ഥാനം. മുൻനിര ബി.ജെ.പി നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സെന്‍ഗറിന്‍റെ ചിത്രം ഇടംപിടിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇവര്‍ക്കെന്താണ് പറയാനുള്ളത്?’ – പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

ഒരു ഹിന്ദി പത്രത്തിന്‍റെ ഉത്തര്‍പ്രദേശ് എഡിഷന്‍റെ ആദ്യ പേജിലാണ് ബി.ജെ.പിയുടെ പരസ്യം വന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർക്കൊപ്പമാണ് ഉന്നാവോ പീഡനക്കേസ് പ്രതി കുല്‍ദീപ് സിംഗ് സെന്‍ഗാറിന്‍റെ ചിത്രം പോസ്റ്ററില്‍ പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നത്. ഇത് ബി.ജെ.പിയുടെ ഇരട്ടത്താപ്പ് നിലപാട് വ്യക്തമാക്കുന്നതാണ്. സെനഗറിനെ ഹീറോ ആയാണോ ബി.ജെ.പി കാണുന്നതെന്ന് പ്രതിപക്ഷം ചോദിച്ചു.

പ്രതിഷേധത്തെ തുടര്‍ന്ന് ഈ മാസം ഒന്നിന് സെനഗറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി അറിയിച്ചിരുന്നു. ഉന്നോവോ പെണ്‍കുട്ടിയും കുടുംബവും അഭിഭാഷകനും സഞ്ചരിച്ച വാഹനാപകടം ആസൂത്രിതമാണെന്ന ആരോപണം ശക്തമായതിന് പിന്നാലെ സെനഗറിന്‍റെ പങ്ക് സംബന്ധിച്ച് അന്വേഷണം നടത്താന്‍ ബി.ജെ.പി നിർബന്ധിതരായിരുന്നു. വാഹനാപകടത്തിന് പിന്നാലെ ബി.ജെ.പി സെനഗറിനെ സംരക്ഷിക്കുകയാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെയായിരുന്നു മുഖം രക്ഷിക്കാനായി പുറത്താക്കല്‍ നടപടി ബി.ജെ.പി പ്രഖ്യാപിച്ചത്. എന്നാല്‍ സെനഗർ ഇപ്പോഴും പാര്‍ട്ടിയില്‍ പ്രധാനിയായി തുടരുകയാണ് എന്നകാര്യം വ്യക്തമാക്കുന്നതാണ് പരസ്യം. ഇതിനെതിരെയാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്.