സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് ബി.ജെ.പിക്കാര്‍ തന്നെ; കൊലപാതകത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ കുടിപ്പക

Jaihind Webdesk
Thursday, May 30, 2019

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായ പാർട്ടി പ്രവർത്തകൻ സുരേന്ദ്ര സിംഗിന്‍റെ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകർ തന്നെയെന്ന് തെളിഞ്ഞു. ബി.ജെ.പി പ്രവർത്തകർക്കിടയിലെ പ്രാദേശിക പ്രശ്‌നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ മൂന്ന് ബി.ജെ.പി പ്രവർത്തകരെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്.

അഞ്ച് ബി.ജെ.പി പ്രവർത്തകർ ചേർന്നാണ് കൊലപാതകം നടത്തിയത്. ബിജെപി പ്രവർത്തകർക്കിടയിലെ കുടിപ്പകയാണ് കൊലപാതക കാരണം എന്ന് പോലീസ് വ്യക്തമാക്കി. പ്രതികളിലൊരാൾക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹമുണ്ടായിരുന്നു. എന്നാൽ സുരേന്ദ്രസിംഗ് ഇതിനെ എതിർത്തിരുന്നു. ഇതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഈ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും സംസ്ഥാന പൊലീസ് മേധാവി ഒ.പി സിംഗിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിനു പിന്നാലെയാണ് കൊലപാതകം നടന്നത്. സ്മൃതി ഇറാനിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു ബരോലി ഗ്രാമത്തിലെ മുൻ ഗ്രാമത്തലവനായ സുരേന്ദ്രസിംഗ്. ഇയാളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന കൊലപാതകത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് തെളിഞ്ഞതോടെ ബി.ജെ.പിയുടെ മറ്റൊരു നുണപ്രചാരണം കൂടിയാണ് പൊളിയുന്നത്.