മോദി ഭരണത്തില്‍ രാജ്യം പിന്നിലേക്ക്; എസ്റ്റിമേറ്റ് കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

Jaihind Webdesk
Friday, October 12, 2018

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് സംബന്ധിച്ച്‌ മുരളി മനോഹര്‍ ജോഷി അധ്യക്ഷനായ  പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്സ് കമ്മിറ്റി തയാറാക്കിയ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. 2014 ല്‍ തെരഞ്ഞെടുപ്പ് ക്യാംപെയ്ന്‍റെ ഭാഗമായി 10 കോടി പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം. എന്നാല്‍ രാജ്യത്ത് സൃഷ്ടിക്കപ്പെട്ട പുതിയ തൊഴിലവസരങ്ങളുടെ കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

കമ്മിറ്റിയിലുണ്ടായിരുന്ന ബി.ജെ.പി എം.പിമാരായ നിഷികാന്ത് ദുബെയും രമേശ് ബിധുരിയും റിപ്പോര്‍ട്ടിനോട് വിയോജിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ നിന്ന് വ്യക്തമായ നിര്‍ദേശമുള്ളതിനാലാണ് ഇവര്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്. സര്‍ക്കാര്‍ നല്‍കിയ രേഖകളുടെ മാത്രം അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നതെന്ന് മുരളി മനോഹർ ജോഷി അറിയിച്ചു.

ഇന്ത്യ തൊഴില്‍രംഗത്തും പുതിയ തൊഴിലുകള്‍ കണ്ടെത്തുന്ന കാര്യത്തിലും വളരെ പിന്നിലാണ്. ഒപ്പം പ്രധാനമന്ത്രിയുടെ നോട്ട് നിരോധനവും ജി.എസ്.ടിയും രംഗം ഒന്നു കൂടി കലുഷിതമാക്കി എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂടി പിന്തുണയുള്ള ഗവേഷണ റിപ്പോര്‍ട്ടില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 27 സെക്ടറുകളില്‍ ആദ്യ രണ്ട് വര്‍ഷം 0.2%, 0.1% തൊഴിലിന്‍റെ കുറവുണ്ടായെന്ന് വ്യക്തമാക്കുന്നു. ജി.ഡി.പി വളര്‍ച്ച 7.4% , 8.2% എന്ന തോതില്‍ നില്‍ക്കുമ്പോഴാണ് തൊഴില്‍ രംഗത്തെ ഈ കണക്കുകള്‍. പത്ത് ലക്ഷം തൊഴിലവസരങ്ങളാണ് ഇക്കാലത്ത് നഷ്ടമായതെന്നാണ് വിവരം. സി.എം.ഐ.ഇയുടെ കണക്കുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.

തൊഴിലവസരങ്ങള്‍ പലപ്പോഴും സൃഷ്ടിക്കപ്പെടുന്നുണ്ട്. എന്നാല്‍ അവ കൃത്യമായി രേഖപ്പെടുത്താത്തതാണ് പ്രശ്‌നമെന്ന് പ്രധാനമന്ത്രി പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. പക്കോട ഉണ്ടാക്കുന്നത് പോലുള്ള ജോലികള്‍ രാജ്യത്ത് ദിനം പ്രതി ഉണ്ടാകുന്നുണ്ടെങ്കിലും അവ കണക്കുകളായി സൂക്ഷിക്കാറില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാദം.

ഇതിനു മുമ്പ് വന്ന നിരവധി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍, ബി.ജെ.പിയുടെ തന്നെ മുതിര്‍ന്ന നേതാവ് അധ്യക്ഷനായ കമ്മിറ്റിയുടെ കണ്ടെത്തലും അദ്ദേഹത്തിന്‍റെ ഉറച്ച നിലപാടും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. 2019 ഏപ്രില്‍ വരെയാണ് മുരളി മനോഹര്‍ ജോഷിയുടെ കമ്മിറ്റിയുടെ കാലാവധി.

സര്‍ക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഫണ്ട് വിനിയോഗവും ചെലവഴിക്കലും സംബന്ധിച്ച് പരിശോധന നടത്തുന്ന ചുമതലയാണ് പാര്‍ലമെന്‍ററി എസ്റ്റിമേറ്റ്സ് കമ്മിറ്റിക്കുള്ളത്.