ബി.ജെ.പിയെ വെട്ടിലാക്കി പാർട്ടി എം.എല്‍.എ; പൗരത്വ നിയമം നടപ്പിലാക്കുന്നത് വോട്ട് ബാങ്കിന് വേണ്ടിയെന്നും അത് രാജ്യത്തെ വിഭജിക്കുന്നുവെന്നും നാരായണ്‍ ത്രിപാഠി

പൗരത്വ നിയമം നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ഉറച്ച് നില്‍ക്കുമ്പോഴും പാർട്ടിക്കുള്ളില്‍ തന്നെ വിമതാഭിപ്രായങ്ങള്‍ ഉയരുകയാണ്. പൗരത്വ നിയമം നടപ്പിലാക്കുന്നത് വോട്ട് ബാങ്കിന് വേണ്ടിയാണെന്നും അത് രാജ്യത്തെ വിഭജിക്കുന്നുവെന്നും അഭിപ്രായപ്പെട്ട് പാർട്ടിക്ക് തലവേദനയാവുകയാണ് മധ്യപ്രദേശിലെ മൈഹാറില്‍ നിന്നുള്ള എംഎല്‍എ നാരായണ്‍ ത്രിപാഠി. പൗരത്വ നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ബിജെപി ഒന്നുകില്‍, ഈ രാജ്യത്തെ ജനങ്ങള്‍ മതത്തിനപ്പുറം ഒരുമിച്ച് ജീവിക്കണമെന്ന ആശയം അധിഷ്ഠിതമാക്കിയ ബാബാ അംബേദ്കറുടെ ഭരണഘടന പിന്തുടരുക അല്ലെങ്കില്‍ അത് വലിച്ചുകീറി ദൂരെ എറിയണമെന്നും അദ്ദേഹം പറഞ്ഞു.

“പൗരത്വ നിയമം രാജ്യത്തിന് ഒരു തരത്തിലും ഗുണകരമല്ല. ഓരോ തെരുവിലും ആഭ്യന്തര യുദ്ധത്തിന്‍റെ അന്തരീക്ഷമാണ്. അത് രാജ്യത്തിന് ദോഷകരമാണ്. അഭ്യന്തര യുദ്ധ അന്തരീക്ഷം നിലനില്‍ക്കുന്നിടത്ത് വികസനം നടപ്പിലാവില്ല. ഞാന്‍ പൗരത്വ നിയമത്തെ എതിര്‍ക്കുന്നു, കാരണം എനിക്ക് അത്തരമൊരു സാഹചര്യത്തെ കുറിച്ച് അറിവുണ്ട്. എന്റെ മണ്ഡലമായ മൈഹാറില്‍ മാത്രമല്ല അതേ അന്തരീക്ഷം തന്നെയാണ് മറ്റു സ്ഥലങ്ങളിലുമുള്ളത്. മതത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കരുത്.” നാരായണ്‍ ത്രിപാഠി പറഞ്ഞു.

എന്നാല്‍ പാർട്ടി വിടാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത ഹിന്ദു പുരോഹിതരുടേതാണ് തന്‍റെ കുടുംബമെന്നും എല്ലാവരും ബി.ജെ.പിയെ പിന്തുണക്കുന്നവരാണെന്നും പറഞ്ഞ അദ്ദേഹം പക്ഷേ ഇപ്പോള്‍ തന്‍റെ മണ്ഡലത്തിലെ മുസ്‌ലിംങ്ങള്‍ തന്നെ അവഗണിച്ചു തുടങ്ങിയെന്നും വ്യക്തമാത്തി. തനിക്ക് മാത്രമല്ല ഗ്രാമത്തിലെ മറ്റ് ബിജെപി പ്രവര്‍ത്തകര്‍ക്കും പുരോഹിതര്‍ക്കും പോലും തെറ്റായ എന്തോ നടക്കുന്നു എന്ന തോന്നലാണുള്ളതെന്നും നാരായണ്‍ ത്രിപാഠി പറഞ്ഞു.

എന്‍.ആര്‍.സിയെ പോലുള്ള ഏത് തരം പ്രവര്‍ത്തിയെയും താന്‍ എതിര്‍ക്കുന്നു. കാരണം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അവരുടെ പൗരത്വം തെളിയിക്കാന്‍ കഴിയില്ല. ഒരു റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഗ്രാമീണർ എങ്ങനെയാണ് തങ്ങളുടെ പൗരത്വം തെളിയിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

BJP MLA Narayan Tripathi
Comments (0)
Add Comment