വിവാദ പരാമർശങ്ങളുടെ പേരിൽ ശ്രദ്ധനേടിയ ബിജെപി എംപിയുടെ മണ്ഡലത്തില്‍ ബിജെപിയ്ക്ക് സമ്പൂർണ പരാജയം

Jaihind News Bureau
Wednesday, February 12, 2020

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പരാമർശങ്ങളുടെ പേരിൽ ശ്രദ്ധനേടിയ ബിജെപി എംപി പർവേഷ് വർമ്മ പ്രതിനിധീകരിക്കുന്ന വെസ്റ്റ് ഡൽഹി മണ്ഡലത്തിൽപ്പെട്ട പത്ത് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ പ്രക്ഷോഭം നടത്തുന്നവർക്കെതിരെ വർമ്മ നടത്തിയ പരാമർശം വിവാദമായിരുന്നു.

ഷഹീൻബാഗ് പ്രക്ഷോഭകർ ബലാത്സംഗം ചെയ്യുന്നവരും കൊലപാതകികളുമാണെന്ന തരത്തിലുള്ള പരാമർശമാണ് വിമർശത്തിന് ഇടയാക്കിയത്. ഇതേത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വർമ്മക്ക് പ്രചാരണ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വെസ്റ്റ് ഡൽഹി മണ്ഡലത്തിൽപ്പെട്ട തിലക് നഗർ, ജനക്പുരി, മദിപുർ, രജൗരി ഗാർഡൻ, ഹരി നഗർ, വികാസ്പുരി, ഉത്തംനഗർ, ദ്വാരക, മട്യാല, നജഫ്ഗഢ് എന്നിവിടങ്ങളിലെല്ലാം എഎപി സ്ഥാനാർഥികൾ വിജയിച്ചു. ഡൽഹിയിലെ അനധികൃത കോളനികൾക്ക് അംഗീകാരം നൽകുമെന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനവും വർമ്മയെ തുണച്ചില്ല.