തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ബി.ജെ.പി പ്രചരണവിഷയമാക്കുന്ന ‘രാജ്യസ്നേഹം’ കപടമെന്ന് തുറന്നുകാട്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. യഥാര്‍ത്ഥ രാജ്യസ്നേഹം എന്നത് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും അതിന് പരിഹാരം കാണാനുള്ള മനസുമാണ്. യഥാര്‍ത്ഥ രാജ്യസ്നേഹമെന്നത് ജനാധിപത്യത്തിലുള്ള വിശ്വാസമാണ്. രാജ്യത്തെ സാധാരണക്കാരുടെയും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ച് രാജ്യസ്‌നേഹം തെരഞ്ഞെടുപ്പ് വിഷയമായി മാത്രം ഉയര്‍ത്തിക്കൊണ്ടു വരുന്ന കാപട്യത്തെ കടുത്ത ഭാഷയില്‍ പ്രിയങ്ക വിമര്‍ശിച്ചു. ബി.ജെ.പി നേതാക്കള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹമുള്ളവരാണെങ്കില്‍ വിവേചനമില്ലാതെ രക്തസാക്ഷികളെ ബഹുമാനിക്കണമെന്നും ഇന്ദിരാഗാന്ധിയെയും രാജീവ് ഗാന്ധിയെയും പരാമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശിലെ ജഹാനാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
“തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് ബി.ജെ.പി ദേശസ്നേഹം ഉയര്‍ത്തിക്കൊണ്ടുവരുന്നത്. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ബി.ജെ.പി ശ്രദ്ധ ചെലുത്തുന്നില്ല. രാജ്യത്തെ സാധാരണക്കാരുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ കാണാന്‍ അവര്‍ക്ക് സമയമില്ല. തൊഴിലില്ലായ്മ, സ്ത്രീസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി എന്താണ് ചെയ്തത്?” – പ്രിയങ്ക ചോദിച്ചു.
“എന്തെങ്കിലും പ്രഖ്യാപനങ്ങളുണ്ടാകുമ്പോള്‍ ബി.ജെ.പി അതില്‍ രാജ്യസ്‌നേഹം കലര്‍ത്തും. കള്ളപ്പണം തിരികെ കൊണ്ടുവരാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ സാധാരണക്കാരായ ജനങ്ങളെ ദുരിതത്തിലാക്കാന്‍ മാത്രമേ ഉപകരിച്ചുള്ളൂ. ക്യൂ നിന്ന് രാജ്യസ്നേഹം കാണിക്കാനാണ് മോദി ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു ചില്ലി കാശ് പോലും തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. രാജ്യസ്‌നേഹമില്ലാത്ത ഏതെങ്കിലുമൊരാള്‍ ഈ രാജ്യത്തുണ്ടോ ? എല്ലാവരും രാജ്യസ്‌നേഹികളാണ്. ബി.ജെ.പി നേതാക്കള്‍ രാജ്യസ്‌നേഹികളാണെങ്കില്‍ എല്ലാ രക്തസാക്ഷികളെയും ബഹുമാനിക്കണം. അത് ഹിന്ദുവോ മുസ്ലീമോ അല്ലെങ്കില്‍ പ്രതിപക്ഷ നേതാക്കളുടെ അച്ഛനോ അമ്മയോ ആണെങ്കിലും ബഹുമാനിക്കണം. അതുകൊണ്ട് നിങ്ങള്‍ യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണെങ്കില്‍ രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി എന്നിവരെയും ബഹുമാനിക്കുക” – പ്രിയങ്ക തുടര്‍ന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഒരു പാവപ്പെട്ട ആളുകളെപോലും കാണാന്‍ തയാരായിട്ടില്ല. വിദേശരാജ്യങ്ങളില്‍ യഥേഷ്ടം പര്യടനം നടത്താന്‍ സമയം കണ്ടെത്തുന്ന മോദി രാജ്യത്തെ പാവങ്ങളുടെ ദുരിതം കാണാന്‍ ഒരു നിമിഷം പോലും കണ്ടെത്തിയില്ല. രാജ്യത്തെ കര്‍ഷകര്‍ സഹായം അപേക്ഷിച്ചെത്തിയപ്പോള്‍ അവർക്കുമുന്നില്‍ നിങ്ങള്‍ നീതിയുടെ വാതില്‍ കൊട്ടിയടക്കുകയായിരുന്നു. എവിടെയായിരുന്നു നിങ്ങളുടെ രാജ്യസ്നേഹമെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ബി.ജെ.പി ദേശസ്നേഹം ഉയര്‍ത്തിക്കാട്ടും. അതിനാല്‍ നിങ്ങളുടെയും ഒപ്പം രാജ്യത്തിന്‍റെയും ഭാവി തീരുമാനിക്കുന്ന പ്രക്രിയ ബുദ്ധിപരമായി വിനിയോഗിക്കണമെന്നും പ്രിയങ്ക ഓര്‍മപ്പെടുത്തി.