വർഗീയത നിറഞ്ഞ വോട്ടഭ്യർത്ഥനയുമായി ബിജെപി സ്ഥാനാർത്ഥി ; സന്ദീപ് വചസ്പതിക്കെതിരെ പ്രതിഷേധം ശക്തം

Jaihind News Bureau
Monday, March 22, 2021

ആലപ്പുഴ പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദം സൃഷ്ടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതിയുടെ വർഗീയത നിറഞ്ഞ വോട്ട് അഭ്യർത്ഥനക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്‍റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കേരളത്തിലെ പെണ്‍കുട്ടികളെ മുസ്‌ലിം -ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗികമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാര്‍ തടയുന്നില്ല, പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.  ഇത്തരം പ്രവൃത്തികള്‍ തടയാന്‍ ബിജെപിക്ക് ഒരു വോട്ട് എന്ന ആവശ്യമാണ് സന്ദീപ് മുന്നോട്ടുവെക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദീപ് വചസ്പതി ആലപ്പുഴ പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ ശേഷം ആലപ്പുഴ വലിയചുടുകാട് രക്ഷസാക്ഷി സ്മാരകത്തില്‍ കടന്നു കയറിയ സന്ദീപ് പുഷ്പാര്‍ച്ചന നടത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ സ്മാരകമാണെന്ന പ്രസ്താവനയും രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇതിനു പിന്നാലെയാണ് വർഗീയത നിറയുന്ന വോട്ട് അഭ്യർത്ഥനയുമായി സന്ദീപ് വചസ്പതി വോട്ടർമാരെ സമീപിക്കുന്നത്.