ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ പ്രധാനമന്ത്രി തയ്യാറാണോ? -രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, January 17, 2019

തിരുവനന്തപുരം: നരേന്ദ്രമോദിയും അമിത്ഷായും എത്ര ശ്രമിച്ചാലും ബി.ജെ.പിക്ക് കേരളത്തില്‍ നിന്നൊരു സീറ്റ് ലഭിക്കാന്‍ പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റിയത് ആര്‍.എസ്.എസും ബി.ജെ.പിയുമാണ്. ബി.ജെ.പിയുടെ സഹയാത്രികരാണ് സുപ്രീംകോടതിയില്‍ കേസ് കൊടുത്തത്. സുവര്‍ണാവസരത്തിനും രാഷ്ട്രീയ നേട്ടത്തിനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പിയില്‍ നിന്നുണ്ടായത്. അതിന് വഴിയൊരുക്കലായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. പ്രസംഗം നടത്തുന്നതിന് പകരം ശബരിമല വിഷയത്തില്‍ ഒരു നിയമനിര്‍മ്മാണത്തിന് തയ്യാറുണ്ടോ? പ്രധാനമന്ത്രിയുടെ പ്രസംഗം തരംതാണ രാഷ്ട്രീയ പ്രസംഗം മാത്രമായി മാറി.

കേരളത്തിനുവേണ്ടി ഒന്നും ചെയ്യാന്‍ പ്രധാനമന്ത്രിക്കായില്ല. റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ ഒരു നടപടിയും ഉണ്ടായില്ല. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ റബറിനെ ഉള്‍പ്പെടുത്തുമെന്നു പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. കേരളത്തിന്റെ സമഗ്രവികസനത്തിന് പ്രഖ്യാപിച്ച ഒരു വാഗ്ദാനവും നടപ്പാക്കിയില്ല. പിടിപ്പുകെട്ട കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂലം രാജ്യത്ത് അരാജകത്വം നടമാടുകയാണ്. നോട്ട് നിരോധനവും ജി.എസ്.ടിയും കാരണം ജനങ്ങളുടെ ജീവിതം ദുരിതത്തിലായി.

ശബരിമലയിലെ വിശ്വാസികളുടെ വികാരങ്ങളെ പൂര്‍ണ്ണമായും ചവിട്ടിമെതിക്കുന്ന നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസ് യുവതീ പ്രവേശനത്തിനുവേണ്ടിയുള്ള ഒരു പ്രത്യേക സെല്ലുപോലെയാണ് പ്രവര്‍ത്തിച്ചത്.
2019 ല്‍ മോദിയെയും സംഘ്പരിവാറിനെയും അധികാരത്തില്‍ നിന്ന് മാറ്റുകയെന്നതായിരിക്കണം സങ്കുചിതമായ രാഷ്ട്രീയ താല്‍പര്യങ്ങളെക്കാള്‍ വലുത്. കേരളത്തിലെ സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും പാപ്പരായ ഒരു സര്‍ക്കാറാണ്. സര്‍ക്കാര്‍ ഭരണത്തിന്റെ ആയിരം ദിവസം ആഘോഷിക്കുമെന്ന് പറയുന്നു. ഏതെങ്കിലും ഒരു പരിപാടിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞോ? യു.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയ കണ്ണൂര്‍ വിമാനത്താവളവും, കൊച്ചി മെട്രോയും കൊല്ലം ബൈപ്പാസും സ്വാഭാവികമായ പൂര്‍ത്തീകരണത്തിലെത്തിയപ്പോള്‍ അതിന്റെ ഉദ്ഘാടനം നടത്താനല്ലാതെ ഏത് പദ്ധതിയാണ് ആവിഷ്‌കരിച്ചത് നടപ്പാക്കിയത്.

വികസന പദ്ധതികളെല്ലാം തകര്‍ന്നിരിക്കുന്നു. കാലിയായ ഖജനാവാണ് ഇവിടെ. പ്രളയദുരിതാശ്വാസത്തിന് വേണ്ടിയുള്ള പണംപോലും നിത്യനിദാന ചെലവിന് വേണ്ടി എടുക്കേണ്ടി വന്ന ഗതികെട്ട സര്‍ക്കാരാണ് കേരളത്തിലുള്ളത്. നവകേരളം നിര്‍മ്മിക്കുമെന്ന് പറഞ്ഞിട്ട് പ്രളയത്തില്‍ കഷ്ടപ്പെട്ടുപോയവര്‍ക്ക് ഒരു സഹായവും സര്‍ക്കാര്‍ നല്‍കിയില്ല. 4000 കോടി രൂപ കൈയില്‍ വെച്ചിട്ട് 1200 കോടിയാണ് ആകെ വിതരണം ചെയ്തത്. പ്രളയബാധിത മേഖലകളില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടക്കുന്നില്ല. ഒരു വീടുപോലും കഴിഞ്ഞ അഞ്ചുമാസമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാരിന് ആയിട്ടില്ല. ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു സഹായവും കൊടുത്തില്ല. ധാരാളം ജീവനോപാധികള്‍ നഷ്ടപ്പെട്ടവരുണ്ട് അവര്‍ക്കൊന്നും ഒരു സഹായവും കിട്ടിയില്ല. ഈ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതകാരണം ദുരിതത്തിലായവര്‍ കൂടുതല്‍ വിഷമത്തിലേക്ക് പോകുകയാണ്. സംസ്ഥാനത്ത് പുനര്‍നിര്‍മ്മാണത്തിന് സമയമില്ല, പക്ഷേ മതിലുണ്ടാക്കാനും ശബരിമലയില്‍ സ്ത്രീകളെ കയറ്റാനുമാണ് സര്‍ക്കാരിന് ധൃതി – രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.