പരസ്പരം പാര: ബി.ജെ.പിയും ബി.ഡി.ജെ.എസും പിരിയുന്നു

Jaihind Webdesk
Sunday, September 29, 2019

തിരുവനന്തപുരം: സമുദായത്തിന് ഗുണമില്ലെന്ന് ബി.ഡി.ജെ.എസും തെരഞ്ഞെടുപ്പുകളില്‍ സഹകരിക്കാത്തവരെ കൂടെവേണ്ടെന്ന് ബി.ജെ.പിയും നിലപാട് എടുത്തതോടെ രണ്ടുകൂട്ടരും പിരിയാനൊരുങ്ങുന്നു. ഉപതെരഞ്ഞെടുപ്പുകളിലുള്ള പരസ്പര സഹകരണം എങ്ങനെ വേണമെന്ന കാര്യത്തില്‍ എന്‍.ഡി.എയ്ക്കുള്ളില്‍ ആശങ്ക. ചെങ്ങന്നൂരില്‍ തുടങ്ങിയ ഭിന്നതയാണ് ഇപ്പോള്‍ പാലായും കടന്ന് പിരിയലിന്റെ വക്കിലെത്തിയിരിക്കുന്നത്.

ബി.ഡി.ജെ.എസ് വിശ്വസിക്കാനാകാത്ത പാര്‍ട്ടിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുമ്പോള്‍ വാക്കുപാലിക്കാത്ത പാര്‍ട്ടിയെന്നാണ് ബി.ഡി.ജെ.എസ് ബി.ജെ.പിയെക്കുറിച്ച് പരാതിപ്പെടുന്നത്. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയിട്ടും വാഗ്ദാനം ചെയ്യപ്പെട്ട ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതാണ് തുഷാര്‍ വെള്ളാപ്പള്ളിയെയും ബി.ഡി.ജെ.എസിനെയും പ്രകോപിപ്പിച്ചിരിക്കുന്നത്. ഇതോടെയാണ് അരൂരില്‍ മത്സരിക്കേണ്ടെന്ന് തീരുമാനത്തില്‍ ബി.ഡി.ജെ.എസ് എത്തിയച്ചേര്‍ന്നത്.

ചെക്ക് തട്ടിപ്പ് കേസിലെ തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടല്‍ അവരോടുള്ള സ്‌നേഹക്കൂടുതലിന് ഇടയാക്കിയിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ പറയാതെ പറയുന്നുണ്ട്. സ്ഥാനമാനങ്ങള്‍ക്കായി ബി.ജെ.പി ദേശിയ അധ്യക്ഷനുമായി ബി.ഡി.ജെ.എസ് നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഗണിക്കുന്ന ലക്ഷണങ്ങളൊന്നും കാണുന്നില്ല.