പ്രിയങ്കാ ഗാന്ധിയുടെ വരവില്‍ വിറളിപൂണ്ട് ബി.ജെ.പി കലി തുള്ളുന്നു

Jaihind Webdesk
Sunday, January 27, 2019

Priyanka Gandhi

പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തില്‍ പരിഭ്രാന്ത്രിയിലാണ് ബി.ജെ.പി ക്യാമ്പെന്ന് അവരുടെ നേതാക്കളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചതിന് പിന്നാലെ ബി.ജെ.പി നേതാക്കള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. ബി.ജെ.പി എം.പിയും വിവാദ നായകനുമായ സുബ്രഹ്മണ്യന്‍ സ്വാമിയാണ് പ്രിയങ്കാ ഗാന്ധിക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മാത്രമല്ല പ്രിയങ്കയുടെ യു.പി ദൌത്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതും ബി.ജെ.പിക്കുള്ള മുന്നറിയിപ്പായി അവര്‍ കരുതുന്നു. പല ബി.ജെ.പി നേതാക്കളുടെയും പ്രതികരണം പ്രിയങ്കയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍ ഇതെല്ലാം വ്യക്തമാക്കുന്നത് പ്രിയങ്കാ ഗാന്ധിയുടെ സജീവരാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവ് ദേശീയരാഷ്ട്രീയത്തില്‍ ഉണ്ടാക്കാവുന്ന മാറ്റങ്ങളുടെ സൂചനയാണെന്നാണ് രാഷ്ട്രീയ വിശാരദര്‍ നിരീക്ഷിക്കുന്നത്.

പ്രിയങ്കയുടെ സാന്നിധ്യം ബി.ജെ.പി നേതൃത്വത്തെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക നിറഞ്ഞുനിന്നാല്‍ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്‍റെ അടിവേരറുക്കാന്‍ പ്രിയങ്കയുടെ പ്രചരണത്തിന് കഴിയും. ഇതിന് തടയിടാനാണ് വ്യക്തിപരമായി പോലും പ്രിയങ്കയെ അധിക്ഷേപിച്ച് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിട്ടുള്ളത്. ഓരോ ദിവസം കഴിയുന്തോറും സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും പ്രിയങ്ക കൂടുതല്‍ സ്വീകാര്യയാവുകയാണ്. ഇതാണ് ബി.ജെ.പി ക്യാമ്പിനെ പരിഭ്രാന്തിയിലാക്കുന്നതും.