പണിമുടക്കാതെ സ്വന്തം സ്ഥാപനങ്ങള്‍; നേതാക്കളുടെ ആഹ്വാനം പാലിക്കാതെ ബിനീഷ് കോടിയേരി

Mathew C.R
Wednesday, January 9, 2019

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴില്‍ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി. ബിനീഷിന്റെ കൂടെ പങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന രണ്ട് ഹോട്ടലുകളും വാഹന സ്‌പെയര്‍ പാര്‍ട്‌സുകള്‍ വില്‍ക്കുന്ന സ്ഥാപനവുമാണ് പണിമുടക്ക് ദിനങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ചത്. ഉള്ളൂര്‍, കേശവദാസപുരം, ശംഖുമുഖം എന്നിവിടങ്ങളിലാണ് ഈ സ്ഥാപനങ്ങള്‍. 48 മണിക്കൂര്‍ പൊതുപണിമുടക്കില്‍ കേരളത്തിലെ സാധാരണ ജനങ്ങളുടെയും വ്യാപാരികളുടെയും ജീവിതം ദുസ്സഹമായിരിക്കുമ്പോഴാണ് തന്റെ പങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച് ബിനീഷ് രംഗത്തുവന്നത്.

നഗരത്തിലെ വിവിധ സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് ഇടതുപക്ഷ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ സ്ഥാപനയുടമകളോട് പണിമുടക്കിന് മുമ്പുതന്നെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മിക്കസ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന അവസരത്തിലാണ് ബിനീഷ് കോടിയേരിയുടെ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിച്ചത്. പല സ്ഥാപന ഉടമകളും ഇടതു ട്രേഡ് യൂണിയന്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്നാണ് പണിമുടക്കില്‍ പങ്കെടുത്ത് കടകള്‍ അടച്ചത്. ഇതിന് പുറമേ ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിലുള്ള എസ്.ബി.ഐ ട്രഷറി ശാഖ തുറന്നുപ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് യൂണിയന്‍ പ്രവര്‍ത്തകരുടെ അക്രമം അരങ്ങേറിയിരുന്നു. ബാങ്കിലെത്തിയ യൂണിയന്‍ പ്രവര്‍ത്തകര്‍ മാനേജരുടെ ക്യാബിനിലെത്തി അസഭ്യവര്‍ഷം നടത്തുകയും കമ്പ്യൂട്ടറുകള്‍ അടക്കമുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ക്കുകയുമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പണിമുടക്കിയെത്തിയ തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് സമീപമായിരുന്നു ഈ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ പണിമുടക്ക് ദിനത്തില്‍ തുറന്ന സ്ഥാപനങ്ങള്‍ക്കുനേരെ അക്രമം അരങ്ങേറിയതോടെ പണിമുടക്ക് ഹര്‍ത്താലായി മാറുകയായിരുന്നു. ചിലയിടങ്ങളില്‍ പോലീസ് ഇടപെട്ടെങ്കിലും മിക്കയിടങ്ങളിലും സ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ കിടന്നു.
എന്നാല്‍, നേതാക്കളുടെ സ്ഥാപനങ്ങള്‍ അടപ്പിക്കാനോ പ്രതിഷേധിക്കാനോ ഒരു തൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകരെയും കണ്ടില്ലായെന്നതാണ് വസ്തുത. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തമുണ്ടെന്ന് പറയപ്പെടുന്ന സ്ഥാപനങ്ങള്‍ പതിവുപോലെ തുറന്ന് പ്രവര്‍ത്തിച്ചത് സി.പി.എമ്മിനുള്ളില്‍ ചര്‍ച്ചയായിരിക്കുകയാണ്.