മഴയെയും അവഗണിച്ച് ഐക്യമുന്നേറ്റം: ഭാരത് ജോഡോ യാത്ര നയിച്ച് രാഹുല്‍; ഏഴാം ദിനവും ആവേശത്തോടെ ആയിരങ്ങള്‍

Jaihind Webdesk
Tuesday, September 13, 2022

തിരുവനന്തപുരം/ആറ്റിങ്ങല്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഏഴാം ദിവസവും ആവേശത്തോടെ പര്യടനം തുടരുന്നു. 7 മണിയോടെ കണിയാപുരത്ത് നിന്ന് പദയാത്ര തുടങ്ങിയപ്പോൾ മുതൽ ശക്തമായ മഴയുണ്ട്. എന്നാല്‍ പദയാത്രയെ വരവേൽക്കാൻ മഴയെ അവ​ഗണിച്ചും ആയിരങ്ങളാണ് പാതയോരത്ത് കാത്തുനിന്നത്. കേരളത്തില്‍ ഇന്ന് യാത്രയുടെ മൂന്നാം ദിവസമാണ്. യാത്ര ഇന്നലെ കഴക്കൂട്ടത്തെത്തിയതോടെ 100 കിലോമീറ്റർ പിന്നിട്ടിരുന്നു.

 

കനത്ത മഴയെ അവ​ഗണിച്ചും രാഹുൽ ഗാന്ധി യാത്രയ്ക്ക് തയാറായതോടെ പ്രവര്‍ത്തകരും സഹയാത്രികരും ആവേശത്തിലായി. സംഘാടകർ കൊണ്ടുവന്ന കുട ഒപ്പം നടക്കാനെത്തിയ പ്രവർത്തകർക്ക് കൈമാറി രാഹുല്‍ യാത്ര തുടർന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണു​ഗോപാൽ എംപി, കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജാഥയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, കെ മുരളീധരൻ എംപി, അടൂർ പ്രകാശ് എംപി, യുഡിഎഫ് കണ്‍വീനർ എം.എം ഹസൻ, തുടങ്ങിയവർ രാഹുൽ ​ഗാന്ധിയെ അനു​ഗമിക്കുന്നു.

 

 

ആറ്റിങ്ങലെത്തുന്നതോടെ ഇന്നത്തെ യാത്രയുടെ ആദ്യ ഘട്ടം പൂർത്തിയാകും. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി
രാഹുൽഗാന്ധി ഇന്ന് സിൽവർ ലൈൻ വിരുദ്ധ സമരസമിതി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. ഉച്ചക്ക് ശേഷം ആറ്റിങ്ങൽ മാമത്താണ് കൂടിക്കാഴ്ച. സിൽവർ ലൈനിനെതിരായ പോരാട്ടങ്ങൾക്ക് സമരസമിതി രാഹുൽഗാന്ധിയുടെ പിന്തുണ തേടും. ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുമായും രാഹുൽ ഗാന്ധി സംവദിക്കും. വൈകിട്ട് 4 മണിക്ക് പുനരാരംഭിക്കുന്ന യാത്ര കല്ലമ്പലത്ത് സമാപിക്കും. നാളെ രാവിലെയോടെ തലസ്ഥാനത്തെ പര്യടനം പൂർത്തിയാക്കി പദയാത്ര തുടർന്ന് കൊല്ലം ജില്ലയിലേക്ക് പ്രവേശിക്കും.