ബാറുടമകളുടെയും മാഫിയകളുടെയും നിയമലംഘനം കൈയ്യും കെട്ടി നോക്കി പൊലീസ്; പ്രതിപക്ഷ നേതാവിനെതിരെ കേസെടുത്തത് ജനാധിപത്യ വിരുദ്ധം: ബെന്നി ബെഹനാന്‍

 

തിരുവനന്തപുരം:    കരിമണല്‍ മാഫിയയും ബാറുടമകളും  നിയമ ലംഘനം നടത്തിയപ്പോള്‍  നോക്കിനിന്ന  സര്‍ക്കാര്‍   പ്രതിഷേധിച്ചുവെന്ന കുറ്റം ചുമത്തി പ്രതിപക്ഷ നേതാവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ     കേസടുത്തത്   ജനാധിപത്യവിരുദ്ധവും ഇരട്ടത്താപ്പുമാണെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞു.

സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരെ കാണിക്കുന്ന നിഷേധാത്മക നിലപാടിനെതിരെ  കഴിഞ്ഞ ദിവസം സംസ്ഥാനമൊട്ടാകെ   പ്രതിഷേധം  സംഘടിപ്പിച്ചപ്പോള്‍ താന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘനം ചൂണ്ടിക്കാട്ടി  പൊലീസ് കേസെടുക്കുകയുണ്ടായി. തോട്ടപ്പള്ളിയില്‍ കരിമണല്‍ മാഫിയക്കെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി അവിടം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അമ്പലപ്പുഴ പൊലീസും കേസെടുത്തു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലോക്ഡൗണ്‍ ലംഘിച്ച് സംസ്ഥാനത്തുടനീളം ബാറുകള്‍ക്ക് മുമ്പില്‍ തടിച്ച് കൂടിയവര്‍ക്കെതിരെ കേസെടുത്തതായി കണ്ടില്ല.

അതോടൊപ്പം നിയമലംഘനം നടത്തി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടത്തുന്ന മാഫിയക്കെതിരെയുo  പൊലീസ് കേസെടുത്തില്ല. ഇതോടെ   ഇടത് സര്‍ക്കാര്‍ മാഫിയക്കൊപ്പമാണെന്ന യു.ഡി.എഫ് ആരോപണം  ശരിയായി വന്നിരിക്കുകയാണ്. മാഫിയകള്‍ക്ക് ഒരു നീതിയും പ്രതിപക്ഷത്തിന് മറ്റൊരു നീതിയും എന്നത് പൊലീസിന്‍റെ വിശ്വാസ്യതയെ  മാഫിയകള്‍ക്ക് അടിയറ വയ്ക്കുന്ന നടപടിയാണന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

Comments (0)
Add Comment