ബംഗാളികളെ അധിക്ഷേപിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത് റോയ്

Jaihind Webdesk
Thursday, June 6, 2019

ബംഗാളികളെ അധിക്ഷേപിച്ച് മേഘാലയ ഗവര്‍ണര്‍ തഥാഗത റോയ്.  ബംഗാളികളുടെ മഹത്വം നഷ്ടപ്പെട്ടെന്നും ആണുങ്ങള്‍ തറതുടയ്ക്കുന്നവരും പെണ്ണുങ്ങള്‍ ബാര്‍ ഡാന്‍സര്‍മാരും ആയി മാറിയെന്നും തഥാഗത് റോയ് ട്വീറ്റ് ചെയ്യുന്നു.  ഹിന്ദി ഭാഷ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പുതിയ വിദ്യാഭ്യാസ പരിഷ്‌കരണ സമിതിയുടെ നിര്‍ദ്ദേശത്തിനെതിരെ ചില സംസ്ഥാനങ്ങള്‍ പ്രതിഷേധവുമായി വന്നത് സംബന്ധിച്ച് പ്രതികരിക്കുന്നതിനിടെയായിരുന്നു ബംഗാളുകാരനായ തഥാഗത് റോയിയുടെ വിവാദ പരാമര്‍ശം. നിരവധി പേരാണ് ഇതിനെതിരെ പ്രതികരണവുമായി എത്തുന്നത്.

ഹിന്ദിക്കെതിരെ പ്രതിഷേധം ഉയര്‍ത്തുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന് തഥാഗത് റോയ് പറയുന്നു. അസം, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി സംസാരിക്കാത്തവരാണ്. എന്നാല്‍ അവരാരും ഹിന്ദിയെ എതിര്‍ക്കുന്നില്ല. വിദ്യാസാഗര്‍, വിവേകാനന്ദന്‍, രബീന്ദ്രനാഥ ടാഗോര്‍, നേതാജി തുടങ്ങിയ മഹാന്മാരുടെ മണ്ണാണ് ബംഗാള്‍ എന്നാണ് ഹിന്ദിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ഹിന്ദിയോടുള്ള എതിര്‍പ്പും ഈ മഹാന്മാരുമായുള്ള ബന്ധമെന്താണെന്ന് തഥാഗത് റോയ് ചോദിക്കുന്നു.

“ഈ അതികായരുടെ കാലം കഴിഞ്ഞുപോയെന്നും ബംഗാളികളുടെ മഹത്വം നഷ്ടപ്പെട്ടെന്നും ആരാണ് ഈ പ്രതിഷേധക്കാരോടൊന്ന് പറഞ്ഞുകൊടുക്കുക. ഹരിയാന മുതല്‍ കേരളം വരെ നോക്കു, ബംഗാളി യുവാക്കള്‍ വീടുകളുടെ തറതുടയ്ക്കുന്നവരായി മാറി, ബംഗാളി പെണ്‍കുട്ടികളാകട്ടെ മുംബൈയില്‍ ബാറുകളില്‍ ഡാന്‍സറായി മാറി. ഇതൊക്കെ മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല” തഥാഗത് റോയ് ട്വീറ്റില്‍ പറയുന്നു.

ഹിന്ദി അറിയാത്തതുകൊണ്ടല്ല മറിച്ച് വിദ്യാഭ്യാസത്തിന്‍റെ അഭാവവും തൊഴിലവസരങ്ങള്‍ കുറഞ്ഞതുമാണ് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ബംഗാളികള്‍ക്ക് പോകേണ്ടി വരുന്നതെന്നും അല്ലാതെ ഹിന്ദി പഠിക്കാത്തത് കൊണ്ടല്ലെന്നും തഥാഗത് റോയിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

2002 മുതല്‍ 2006 വരെ പശ്ചിമ ബംഗാള്‍ ബിജെപി പ്രസിഡന്‍റ് ആയിരുന്ന തഥാഗത് റോയ് പിന്നീട് 2015 -18 കാലയളവില്‍ ത്രിപുര ഗവര്‍ണറായി.