തട്ടിപ്പ്: ഒരു വര്‍ഷത്തിനുള്ളില്‍ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 41,167 കോടി രൂപ

Jaihind Webdesk
Tuesday, January 1, 2019

ന്യുദല്‍ഹി: 201718 വര്‍ഷത്തില്‍ തട്ടിപ്പ് വഴി രാജ്യത്തെ വിവിധ ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടത് 41,167.7 കോടി രൂപയാണെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 72% വര്‍ധനവ് തട്ടിപ്പില്‍ നടന്നിട്ടുണ്ട്.  കഴിഞ്ഞ വര്‍ഷം 23,933 കോടി രൂപയാണ് തട്ടിപ്പുകാര്‍ കൊണ്ടുപോയത്. ബാങ്കുകളുടെ കര്‍ശന നിരീക്ഷണവും ജാഗ്രതയും തുടരുന്നതിനിടെയാണ് ഈ തട്ടിപ്പ് അരങ്ങേറിയിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കില്‍ വ്യക്തം. കഴിഞ്ഞ നാലു വര്‍ഷത്തിനുള്ളില്‍ തട്ടിപ്പ് വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ട് 201314 വര്‍ഷത്തില്‍ 10,170 കോടി രൂപയായിരുന്നു ബാങ്കുകള്‍ക്ക് നഷ്ടപ്പെട്ടിരുന്നത്. 201617 വര്‍ഷത്തില്‍ 5076 തട്ടിപ്പുകളാണ് നടന്നതെങ്കില്‍ 201718ല്‍ അത് 5917 ആയി ഉയര്‍ന്നിട്ടുണ്ട്.

ഫോറിന്‍ എക്‌സ്‌ചേഞ്ച് ട്രാന്‍സാക്ഷന്‍സ്, ഡിപ്പോസിറ്റ് അക്കൗണ്ട്‌സ്, സൈബര്‍ ഇടപാടുകള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുകള്‍ക്ക് വിധേയമായതില്‍ 93 ശതമാനവും പൊതുമേഖല ബാങ്കുകാളാണ്.

സ്വകാര്യ ബാങ്കുകളില്‍ ആറു ശതമാനമാണ് ഈ നിരക്കിലുള്ള തട്ടിപ്പ്. ഈ വര്‍ഷം തട്ടിപ്പുകളില്‍ 80 ശതമാനവും 50 കോടി രൂപയില്‍ കുടുതലാണ്. വായ്പാ തട്ടിപ്പിനും വലിയൊരു പങ്കുണ്ട്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന 13,000 കോടിയുടെ തട്ടിപ്പാണ് അതില്‍ പ്രധാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വായ്പാ തട്ടിപ്പും ഇത്തവണ കൂടി വന്നിട്ടുണ്ട്.