ഡിജിറ്റല്‍ പണമിടപാട് പരാതികള്‍ക്കായി പ്രത്യേക ഓംബുഡ്സ്മാന്‍

Jaihind Webdesk
Thursday, November 8, 2018

ഡിജിറ്റല്‍ പണമിടപാടുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാൻ പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കാനൊരുങ്ങി റിസർവ് ബാങ്ക്. ബാങ്കിംഗ് ഓംബുഡ്‌സ്മാന് കൈകാര്യം ചെയ്യാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് പുതിയ നിയമനത്തിന് വഴിയൊരുങ്ങുന്നത്.

രാജ്യത്തുടനീളം ഡിജിറ്റൽ പേമെന്‍റുകൾ അതിവേഗം വർധിക്കുന്നതിനാൽ, 2017-18 വാർഷിക റിപ്പോർട്ടിൽ ആർ.ബി.ഐ ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ചുള്ള ഉപഭോക്തൃ പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക ഓംബുഡ്സ്മാനെ നിയമിക്കുമെന്നുള്ള സൂചനകൾ നൽകിയിരുന്നു. മെട്രോ നഗരങ്ങള്‍, ആര്‍.ബി.ഐ നിര്‍ദേശിക്കുന്ന മറ്റ് സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചായിരിക്കും ഓംബുഡ്‌സ്മാന്‍റെ പ്രവര്‍ത്തനം. അടുത്തവര്‍ഷം ആദ്യത്തോടെ ഓഫീസുകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നാണ് അറിയുന്നത്.

എന്നാൽ ഈ കാര്യങ്ങളെ കുറിച്ച് ആർ.ബി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഡിജിറ്റൽ ഇടപാടുകളിൽ കഴിഞ്ഞ വർഷം ഒരുപാട് പിഴവുകൾ സംഭവിച്ചിരുന്നു. ഇതിനെല്ലാം പരിഹാരമെന്നോണമാണ് ഓംബുഡ്‌സ്മാന്‍റെ നിയമനം.