പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

Jaihind Webdesk
Thursday, September 13, 2018

ന്യൂഡല്‍ഹി: ബാങ്കിംഗ് പ്രതിസന്ധിക്ക് കാരണം യു.പി.എ കാലത്തെ നയങ്ങളല്ലെന്നും ബാങ്കുകളുടെ വായ്പാ നയമാണെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. ബാങ്കിംഗ് മേഖലയിലെ സകല തട്ടിപ്പുകളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും രഘുറാം രാജന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ വെളിപ്പെടുത്തി. പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

ബാങ്കിംഗ് മേഖലയിലെ സകല തട്ടിപ്പുകളെക്കുറിച്ചും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് രഘുറാം രാജന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മറുപടി പറയേണ്ടി വരും.

വമ്പന്‍ തുക വായ്പയെടുത്ത് തിരിച്ചടക്കാതെ നാടുവിട്ടവരാണ് വിജയ് മല്യയും നീരവ് മോദിയും. ഇവരെ പോലുള്ള വന്‍കിട തട്ടിപ്പുകാരെ കുറിച്ച്‌ പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് രഘുറാം രാജന്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞിരിക്കുന്നത്. മെഹുല്‍ ചോക്‌സിയുടെ പേരും അതിലുണ്ടായിരുന്നു. എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നായിരുന്നു നിര്‍ദേശിച്ചത്. എന്നാല്‍ യാതൊരു നടപടിയും എടുത്തില്ല. ഇതാണ് ബാങ്കിംഗ് മേഖലയെ വമ്പന്‍ പ്രതിസന്ധിയിലേക്ക് നയിച്ചത്.

രാജ്യത്ത് ഏറ്റവും സുരക്ഷിതമല്ലാത്ത ഇടപാടുകള്‍ നടത്തുന്നത് പൊതുമേഖലാ ബാങ്കുകളാണെന്ന് രഘുറാം രാജന്‍ വീണ്ടും ആവര്‍ത്തിച്ചു. ഇത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ കാലത്ത് ആര്‍.ബി.ഐ തട്ടിപ്പുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക വിഭാഗത്തെ നിയമിച്ചിരുന്നു. അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വായ്പാ തട്ടിപ്പ് കേസുകള്‍ മുഴുവന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് അതേ പട്ടിക താന്‍ നരേന്ദ്രമോദിയേയും ഓഫീസിനേയും അറിയിച്ചിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇത്തരം കാര്യങ്ങളാണ് നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതെന്നും രഘുറാം രാജൻ വ്യക്തമാക്കി.