വെടിയേറ്റ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതുപോലെ ; RBI യുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് വിഹിതം പറ്റാനുള്ള കേന്ദ്രനീക്കത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, August 27, 2019

Rahul-Gandhi

കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് ആര്‍.ബി.ഐയുടെ കരുതല്‍ശേഖരത്തില്‍ നിന്ന് വിഹിതം സ്വീകരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രയോജനരഹിതമെന്ന് രാഹുല്‍ ഗാന്ധി. വെടിയുണ്ടയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ്എയ്ഡ് ഒട്ടിക്കുന്നതുപോലെയാണ് നിലവിലെ നടപടിയെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു.

‘സ്വയം വരുത്തിവെച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. ആര്‍.ബി.ഐയില്‍ നിന്നും മോഷ്ടിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാകില്ല. ഡിസ്പെൻസറിയിൽ നിന്ന് ഒരു ബാൻഡ് എയ്ഡ് മോഷ്ടിച്ച് വെടിയേറ്റ മുറിവിൽ ഒട്ടിക്കുന്നതുപോലെയാണിത്’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. 2018-19 കാലയളവിലെ അധികവരുമാനമായ 1.23 ലക്ഷം കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും നല്‍കാനാണ് തീരുമാനം. എന്നാല്‍ ഈ നീക്കം കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. രാജ്യം നേരിടുന്ന സാമ്പത്തികമാന്ദ്യവും വ്യാവസായിക പ്രതിസന്ധിയും സ്വയം വരുത്തിവെച്ചതാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. ധനമന്ത്രി എന്ന നിലയില്‍ നിര്‍മല സീതാരാമന്‍ തീര്‍ത്തും പരാജയപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്.