പൊതുമേഖലാ ബാങ്ക് കൊള്ള: പൊതുജനത്തെ പിഴയിനത്തിൽ പിഴിഞ്ഞത് കോടികൾ; കണക്ക് പുറത്ത് വിട്ടത് ധനകാര്യ മന്ത്രാലയം

Jaihind Webdesk
Saturday, December 22, 2018

നോട്ട് നിരോധനം കൊണ്ട് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച കേന്ദ്ര നടപടിക്ക് പുറമേ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഇടപാടുകാരിൽനിന്ന് പിഴയിനത്തിൽ ഈടാക്കിയത് പതിനായിരം കോടിയിലേറെ രൂപ. പാർലമെന്‍റിൽ സമർപ്പിച്ച രേഖയിലാണു ബാങ്കുകൾ വൻതുക പിഴ ഈടാക്കിയതിന്റെ വിവരങ്ങൾ പുറത്തുവന്നത്. മിനിമം ബാലൻസ് സൂക്ഷിക്കാത്തതിനും എ.ടി.എമ്മിൽനിന്ന് നിശ്ചിത തവണയിൽ കൂടുതൽ പണം പിൻവലിച്ചതിനുമടക്കം നിരവധി സേവനങ്ങൾക്കാണ് പൊതുജനത്തിൽ നിന്നും പിഴയീടാക്കിയിട്ടുള്ളത്.

മിനിമം ബാലൻസ് ഇല്ലാത്തതിന് 6,246 കോടിയും അധിക എ.ടി.എം ഇടപാടുകൾക്ക് 4,145 കോടി രൂപയുമാണ് ഈടാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പിഴ ഈടാക്കിയിരിക്കുന്നത് രാജ്യത്തെ തന്നെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐയാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്‍റെ പേരിൽ മൂന്നര വർഷത്തിനുള്ളിൽ ഇടപാടുകാരിൽനിന്ന് 2,894 കോടിയാണ് സ്‌റ്റേറ് ബാങ്ക് ഓഫ് ഇന്ത്യ ഈടാക്കിയിട്ടുള്ളത്. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ – 348 കോടി, ബാങ്ക് ഓഫ് ബറോഡ – 328 കോടി, പഞ്ചാബ് നാഷണൽ ബാങ്ക് – 493 കോടി, കാനറാ ബാങ്ക് – 352 കോടി എന്നിങ്ങനെയാണ് പിഴയുടെ പുറത്തുവന്ന കണക്കുകളിലുള്ളത്.

എ.ടി.എമ്മിൽനിന്ന് നിശ്ചിത തവണയിൽ കൂടുതൽ പണം പിൻവലിച്ചതിന് എസ്.ബി.ഐ 1,554 കോടി രൂപ ഈടാക്കി ഒന്നാമതെത്തിയപ്പോൾ 464 കോടി പിഴിഞ്ഞ് ബാങ്ക് ഓഫ് ഇന്ത്യ രണ്ടാമതും നിലയുറപ്പിച്ചു. ബാങ്ക് ഓഫ് ബറോഡ – 183 കോടി, പഞ്ചാബ് നാഷണൽ ബാങ്ക് – 323 കോടി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ – 241 കോടി എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളുടെ കണക്ക്.

ലോക്സഭാ എം.പി ദിബ്യേന്തു അധികാരിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് ധനകാര്യ മന്ത്രാലയം ഇക്കാര്യം പുറത്തുവിട്ടത്. ബാങ്കുകൾക്ക് സർവീസ് ചാർജുകൾ ചുമത്താൻ റിസർവ് ബാങ്ക് അനുമതി നൽകിയിട്ടുണ്ടെന്നും ധനകാര്യ മന്ത്രാലയം അറിയിച്ചു. സ്വകാര്യ ബാങ്കുകൾ ഈടാക്കിയ തുകയുടെ കണക്ക് രേഖയിൽ ഉൾപ്പെടുത്തിയിട്ടില്ല. വൻ തുക വായ്പയെടുത്ത് രാജ്യം വിടുന്ന ഭീമൻ കോർപറേറ്റുകളെ നിലയ്ക്ക് നിർത്താൻ കഴിയാത്ത ബാങ്കുകളാണ് സാധാരണക്കാരന്‍റെ പോക്കറ്റിൽ നിന്നും പിഴയിനത്തിൽ പിടിച്ചുപറി നടത്തുന്നത്.