രാജ്യത്തെ വാഹനവിപണിയില്‍ കടുത്ത മാന്ദ്യം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബജാജ് കമ്പനി തലവന്മാര്‍

Jaihind News Bureau
Wednesday, July 31, 2019

കഴിഞ്ഞ കുറച്ചുകാലമായി കടുത്ത മാന്ദ്യത്തിലാണ് രാജ്യത്തെ വാഹനവിപണി. വണ്ടി വാങ്ങാന്‍ ആളില്ലതായതോടെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ ആഭ്യന്തര വാഹനനിര്‍മ്മാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോ സാരഥികള്‍.

കമ്പനിയുടെ  വാര്‍ഷിക പൊതുയോഗത്തിലാണ് കമ്പനി ചെയര്‍മാന്‍ രാഹുല്‍ ബജാജും മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജും  കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. തങ്ങളുടെ  ആശങ്കകള്‍ ഓഹരി ഉടമകളുമായി അവര്‍ പങ്കുവച്ചു.

ആഭ്യന്തര വാഹന വ്യവസായം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കും തൊഴില്‍ നഷ്ടത്തിലേക്കും കൂപ്പുകുത്തുകയാണെന്ന് ചൂണ്ടിക്കാട്ടിയ ഇരുവരും  കേന്ദ്ര സര്‍ക്കാരിന്‍റെ വിവേകരഹിത നടപടികളാണ് ഇത്തരത്തിലുള്ള മൂല്യച്യുതിക്ക് കാരണമാകുന്നതെന്നും ഇരുവരും  ആരോപിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹന വ്യവസായം വളരെ പ്രയാസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കാറുകളും വാണിജ്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ഇക്കാര്യത്തില്‍ ഏകദേശം ഒരു പോലെ തന്നെയാണെന്നും യോഗത്തില്‍ ഇരുവരും വ്യക്തമാക്കി.  സര്‍ക്കാരിന്‍റെ ഇ-വാഹന നയം അവ്യക്തതകള്‍ നിറഞ്ഞതാണെന്നും യോഗത്തില്‍ ഇരുവരും ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.